Sections

30 കോടി ധനസഹായം നൽകി സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കും: പി. പ്രസാദ്

Saturday, Feb 15, 2025
Reported By Admin
Kerala's First Mushroom Village Project Inaugurated

  • കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ മികച്ച വരുമാന മാർഗമായി സ്വീകരിക്കാവുന്ന മേഖലയാണ് കൂൺ കൃഷി. പ്രോട്ടീൻ കലവറയായ കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കും. അതിനാലാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

റീജിയണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂൺ കർഷകരും അടങ്ങുന്ന ഒരു സംഘം ഈ വർഷം തന്നെ ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ ഒരു പരിശീലന പരിപാടിക്കായി സജ്ജമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട കൂൺ ഉൽപ്പാദന യൂണിറ്റ്, ഒരു കൂൺ വിത്തുത്പാദന യൂണിറ്റ്, മൂന്ന് കൂൺ സംസ്കരണ യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. അരുന്ധതി എന്ന കർഷകയാണ് ഫാം വേഗൻ മഷ്റൂം എന്ന പേരിൽ സർക്കാർ സഹായത്തോടെ കൂൺ ഉല്പാദന യൂണിറ്റിന് മണികണ്ഠേശ്വരത്ത് തുടക്കം കുറിച്ചത്. നിലവിൽ കൂൺ ഉൽപ്പാദനത്തോടൊപ്പം കൂൺ വിത്തുൽപ്പാദന യൂണിറ്റും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്.

വി.കെ പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉല്പാദന യൂണിറ്റിന്റെ ലോഗോ പ്രകാശനം മന്ത്രിയും എംഎൽഎയും ചേർന്ന് നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത.ആർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഡയറക്ടർ തോമസ് സാമുവൽ, വട്ടിയൂർക്കാവ് കൃഷി ഓഫീസർ ഡോ.തുഷാര റ്റി ചന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ചാരുമിത്രൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.