- Trending Now:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്തു.
സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ കൂടുതൽ പഠനങ്ങൾക്കായി എത്തിക്കൽ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള സംഘവും യൂണിറ്റിന്റെ ഭാഗമാണ്.
വൈറൽ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകുമ്പോൾ രോഗബാധിത സ്ഥലങ്ങളിൽ നിന്ന് സാമ്പിൾ ശേഖരണം ക്രമീകരിക്കുന്നതിനും ഉചിതമായ സാഹചര്യങ്ങളിൽ സാമ്പിളുകൾ പരിശോധനാ സൗകര്യത്തിലേക്ക് മാറ്റുന്നതിനും യൂണിറ്റ് സഹായകരമാകും. സാമ്പിൾ ശേഖരണത്തിനും പരിശോധനയ്ക്കും ഇടയിലുള്ള സമയം കുറയ്ക്കുന്നതിനും വേഗത്തിലുള്ള രോഗനിർണയം സാധ്യമാക്കുന്നതിനും സാധിക്കും. സാമ്പിൾ അപചയസാധ്യത കുറയ്ക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും യൂണിറ്റ് സഹായകരമാകും.
ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റിലെ ദ്രുത രോഗനിർണയ പരിശോധനകൾ വഴി പ്രാഥമിക ഫലം വേഗം ലഭിക്കും. ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റ് വഴി ദ്രുതപ്രതികരണം, പരിശോധന, നിർണായക മെഡിക്കൽ ഇടപെടലുകൾ എന്നിവ ഉറപ്പാക്കാനാവും.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ, ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.