- Trending Now:
കൊച്ചി: സംസ്ഥാന സർക്കാരിൻറെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിൻറെ മിഷൻ 1000 സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1000 എംഎസ് എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്ക് മുകളിൽ വരുമാനമുണ്ടാക്കുന്നതിലേക്ക് ഉയർത്തുന്ന പദ്ധതിയാണ് മിഷൻ 1000.
സംരംഭക വർഷം പദ്ധതിയിലൂടെ മൂന്ന് വർഷം കൊണ്ട് 3,40.202 സംരംഭങ്ങൾ കേരളത്തിൽ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളിൽ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐടി സേവനമേഖലയ്ക്കപ്പുറം മറ്റ് സാങ്കേതിക കമ്പനികൾ കൂടി കേരളത്തിലേക്ക് വരാൻ താത്പര്യം കാണിക്കുകയാണ്. വലിയ വ്യവസായങ്ങൾക്ക് ഇനി കേരളത്തിൽ പ്രസക്തിയില്ലെങ്കിലും വലിയ വ്യവസായങ്ങൾക്കുള്ള സാങ്കേതിക സേവനം നൽകുന്ന കമ്പനികൾക്ക് കേരളം ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, ജെനറേറ്റീവ് എഐ, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യയുടെ ഹബ്ബായി കേരളം മാറുകയാണ്. ഹെൽത്ത് കെയർ സാങ്കേതിക വിദ്യയിൽ ഇപ്പോൾ തന്നെ പ്രധാന ഉത്പാദകർ കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഷൻ 1000 സംസ്ഥാന സർക്കാരിന് എംഎസ്എംഇ സംരംഭകരിലെ വിശ്വാസമാണ് കാണിക്കുന്നത്. ആദ്യ ഘട്ടമായി 260 സംരംഭകരെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ വിധ സഹായങ്ങളും വ്യവസായവകുപ്പ് വാഗ്ദാനം ചെയ്യുന്നു. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്ക്കാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ വ്യവസായവകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. അഡി. ഡയറക്ടർമാരായ രാജീവ് ജി, ഡോ. കെ എസ് കൃപകുമാർ, എസ്എൽബിസി കൺവീനർ പ്രദീപ് കെ എസ്, കെ-ഡിസ്ക് എക്സി. ഡയറക്ടർ പി എം റിയാസ്, കെഎസ്എസ്ഐഎ വൈസ് പ്രസിഡൻറ് പി ജെ ജോസ്, ഫിക്കി കേരള ഹെൽത്ത് കമ്മിറ്റി ചെയർ ബിബു പുന്നാരൻ, തുടങ്ങിയവർ സംസാരിച്ചു.
കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ, ഡെ. ജനറൽ മാനേജർ ജോസ് കുര്യൻ മുണ്ടയ്ക്കൽ, എസ്ബിഐ ചീഫ് മാനേജർ ജിജു മോഹൻ, കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ജോജോ കെ എസ് എന്നിവർ വിവിധ പദ്ധതികളെക്കുറിച്ച് അവതരണം നടത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന സാങ്കേതിക സെഷനിൽ എംഎസ്എംഇ ഡിഎഫ്ഒ അസി. ഡയറക്ടർ രേഖ കെ, തോട്ട്മൈൻഡ്സ് സഹസ്ഥാപകൻ റിനീഷ് കെ എൻ, ഇൻഡീയ സീനിയർ ഓപ്പറേഷൻസ് മാനേജർ രാഹുൽ കോറോത്ത്, സിഎസ്ഐആർ-എൻഐഐഎസ്ടി സീനിയർ സയൻറിസ്റ്റ് ആർ എസ് പ്രവീൺ രാജ്, പി എ ഫുട് വെയർ വൈസ് ചെയർമാൻ ചിന്നസ്വാമി അൻപുമലർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
പ്രകടനം വിലയിരുത്തിയാണ് ആയിരം സംരംഭങ്ങളെ തെരഞ്ഞെടുക്കുന്നത്. അവർക്ക് വ്യവസായം വിപുലീകരിക്കുന്നതിന് വിവിധ ആനുകൂല്യങ്ങൾ വ്യവസായ വകുപ്പ് നൽകും. പ്രവർത്തന മൂലധന വായ്പകൾക്ക് പലിശ നിരക്കിൻറെ 50% വരെ പലിശ ഇളവ്, സ്കെയിൽ അപ്പ് ചെയ്യുന്നതിനുള്ള ഡിപിആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം (ഒരു സംരംഭത്തിന് 1 ലക്ഷം രൂപ വരെ) എന്നിവ നൽകും. തിരഞ്ഞെടുത്ത ഓരോ സംരംഭങ്ങൾക്കും അവരുടെ വിവിധ വിപുലീകരണ അനുബന്ധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വ്യവസായ വകുപ്പിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.
ഉദ്യം രജിസ്ട്രേഷനുള്ള, മൂന്നു വർഷം പ്രവർത്തന പരിചയമുള്ള, ഉത്പാദന-സേവന മേഖലയിലുള്ള സംരംഭങ്ങൾക്കാണ് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ളത്. ഇതിനു വേണ്ടി പ്രത്യേകമായി ആരംഭിച്ച വെബ്പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. വിവിധ പരിശോധനകൾക്ക് ശേഷം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന തല അംഗീകാര സമിതിയാണ് അംഗീകാരം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.