- Trending Now:
മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മാറുന്ന കാലത്തെ അനാരോഗ്യഭക്ഷണം മൂലമുണ്ടാകാനിടയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിൽ അരിയാഹാരത്തിന് ഒരു വി.ഐ.പി. പരിവേഷം ഉണ്ടായിരുന്ന കാലത്തും ചെറിയ തോതിൽ ചെറുധാന്യങ്ങൾ ഇവിടെ കൃഷി ചെയ്തിരുന്നു. അരി ലഭ്യതയിൽ കുറവ് വന്ന അവസരങ്ങളിൽ നാം ആശ്രയിച്ചിരുന്നതും ചെറുധാന്യങ്ങളെയാണ്. എന്നാൽ ഹരിത വിപ്ലവത്തിന്റെ ഫലമായി അരിയുടെയും ഗോതമ്പിന്റെയും ലഭ്യതയും വ്യാപകമായ വിതരണവും സാധ്യമായി. പക്ഷേ അരിയാഹാരം നമ്മുടെ തീന്മേശകളിൽ പ്രധാനവിഭവമായതിന് പിന്നാലെ പ്രമേഹവും മറ്റ് ജീവിത ശൈലിരോഗങ്ങളും കൂട്ടിനെത്തി. ഒരു വർഷം 40ലക്ഷം ടൺ അരി എന്ന അളവിൽ നിന്നും 29 ലക്ഷം ടൺ എന്ന നിലയിലേക്ക് ഇന്ന് നമ്മുടെ സംസ്ഥാനത്തെ അരി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. മറ്റ് പല രോഗങ്ങളിലേക്കും വഴി തുറക്കുന്ന പ്രമേഹത്തിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗമെന്ന നിലയ്ക്ക് ഡോക്ടർമാർ പറഞ്ഞു കേൾക്കുമ്പോഴാണ് വീണ്ടും മലയാളി ഈ അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളെ ആഹാരത്തിന്റെ ഭാഗമാക്കാൻ തയ്യാറാകുന്നത്. ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകത്തിന് മുന്നിൽ വിളിച്ചറിയിക്കുന്നതിന് 2023 അന്തർദേശീയ ചെറുധാന്യ വർഷമായി ആചരിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിൽ ചെറുധാന്യങ്ങളുടെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കിയാണ് സംസ്ഥാന കൃഷി വകുപ്പ് മില്ലറ്റ് കൃഷി പ്രോത്സാഹനം, കൃഷി വിസ്തൃതി വർദ്ധനവ് എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകി പദ്ധതികൾ നടപ്പിലാക്കിയത്. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുധാന്യ കൃഷി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയിലാണ് ദേവികുളങ്ങര കൃഷിഭവൻ പരിധിയിൽ തന്നെ ജില്ലയിലെ ആദ്യ മില്ലറ്റ് കഫേ പദ്ധതി നടപ്പിലാക്കുന്നത്. മില്ലറ്റ് കഫേയിലൂടെ ചെറുധാന്യകൃഷിയെ കൂടുതലറിയാൻ അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ അധ്യക്ഷയായി. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷാരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് രേഖ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ ശ്രീദേവി, ആർ രാജേഷ്, ലീനാ രാജു, ശ്യാമാവേണു, പ്രശാന്ത് രാജേന്ദ്രൻ, ശ്രീലത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ(എച്ച്) ബി സ്മിത, കായംകുളം കൃഷി അസി. ഡയറക്ടർ സുമാറാണി, ദേവികുളങ്ങര പഞ്ചായത്ത് കൃഷി ഓഫീസർ എബി ബാബു, ഇഷാസ് കൃഷിക്കൂട്ടം സെക്രട്ടറി ചഞ്ചല, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.