- Trending Now:
കൊച്ചി: ദക്ഷിണേഷ്യയിലെ എംഐസിഇ (മീറ്റിംഗ്സ്, ഇൻസൻറീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്- മൈസ്) വെഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവൽ മാർട്ടിൻറെ പന്ത്രണ്ടാമത് ലക്കത്തിൻറെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
രണ്ട് ടൂറിസം മേഖലകളിലും അന്താരാഷ്ട്ര ഹബ്ബാകാനുള്ള എല്ലാ വിഭവശേഷിയും കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ടൂറിസം ഇൻകുബേഷൻ ആൻഡ് ഇനോവേഷൻ സെൻറർ തുടങ്ങും. നിക്ഷേപകർ, ടൂറിസം വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, എന്നിവരുടെ സേവനം ഇൻകുബേഷൻ കേന്ദ്രത്തിലുണ്ടാകും. സംരംഭക അഭിരുചിയുള്ള യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഇതിൻറെ സാധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
580 കി.മിയിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയുള്ള സ്ഥലമാണ് കേരളം. ദേശീയപാത, തീരദേശ-മലയോര ഹൈവേ എന്നിവ സജ്ജമാകുന്നതോടെ ഇന്ത്യയിൽ ഏറ്റവും ചടുലമായ ഗതാഗതസൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കുറച്ചു മണിക്കൂറുകൾ കൊണ്ട് കടൽത്തീരം, കായലോരം, ഹിൽസ്റ്റേഷൻ എന്നിവ കണ്ട് തീർക്കാവുന്ന ഏറ്റവും സമഗ്രമായ ഡെസ്റ്റിനേഷനാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം, വാട്ടർ മെട്രോ, എന്നിവയ്ക്കൊപ്പം ലോകോത്തര ഹോട്ടലുകൾ, കൺവെൻഷൻ സെൻററുകൾ എന്നിവയിലൂടെ മൈസ് ടൂറിസത്തിന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഇവിടെയുള്ളത്. ജി 20 ഉച്ചകോടിയുടെ അനുബന്ധ യോഗങ്ങൾ നടത്തിയ പരിചയം സംസ്ഥാനത്തിന് മുതൽക്കൂട്ടാകും. ആയുർവേദ-വെൽനെസ് ടൂറിസം, ക്രൂസ്, കാരവാൻ ഹെലി ടൂറിസം, ഗ്രാമാന്തരീക്ഷ അനുഭവങ്ങൾ എന്നിവയെല്ലാം നേട്ടങ്ങളാണ്.
യുഎൻ ഡബ്ല്യൂടിഒയുടെ കണക്കു പ്രകാരം കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കരകയറിയതിൽ കേരളം 87.83 ശതമാനം കൈവരിച്ചുവെന്നും ടൂറിസം മന്ത്രി പറഞ്ഞു. കഴിഞ്ഞ കൊല്ലം 2.1 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് സംസ്ഥാനം സന്ദർശിച്ചത്. വരും സീസണിൽ സർവകാല റെക്കോർഡ് കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിൻറെ മുഖമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസത്തിൻറെ സംഭാവന 30 ശതമാനമാക്കാനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് നടത്തിയത് ഈ ദിശയിലേക്കുള്ള പ്രവർത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.