Sections

കേരളത്തിന് ഏറ്റവും അനുയോജ്യം മെഡിക്കൽ ഉപകരണങ്ങളുടെ വ്യവസായം- പി രാജീവ്

Friday, Sep 13, 2024
Reported By Admin
Kerala Industry Minister P. Rajeev speaking about the potential of the medical device manufacturing

കൊച്ചി: സംസ്ഥാനത്തിന് ഏറ്റവും പറ്റിയ വ്യവസായങ്ങളിലൊന്ന് മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണമാണെന്ന് വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിൽ കെഎസ്ഐഡിസി സംഘടിപ്പിച്ച മെഡിക്കൽ ഡിവൈസസ് ആൻഡ് ബയോടെക്നോളജി മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചികിത്സയ്ക്കായി നിരവധി രോഗികൾ കേരളത്തിലേക്കെത്തുന്നുണ്ട്. ഇത് വലിയൊരു അവസരവും അംഗീകാരവുമാണ്. കേരളത്തിൻറെ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനത്തിൻറെ മേ?യാണ് ഇത് കാണിക്കുന്നത്. മെഡിക്കൽ ഉപകരണ വ്യവസായത്തിനും ഇത് മുതൽക്കൂട്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കുറഞ്ഞ മലിനീകരണത്തോത്, ശുദ്ധജലത്തിൻറെ ലഭ്യത, മികച്ച നൈപുണ്യ ശേഷി എന്നിവ മെഡിക്കൽ ഉപകരണ വ്യവസായത്തിന് ഏറെ നിർണായകമാണ്. തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസ് പാർക്ക്, വെള്ളൂരിലെ കേരള റബർ പാർക്ക് എന്നിവ മെഡിക്കൽ ഉപകരണ വ്യവസായത്തിന് മികച്ച പിന്തുണ നൽകും. റബർ പാർക്കിൻറെ നിർമ്മാണം ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ പാർക്കിലെ സ്ഥലം പാട്ടത്തിന് നൽകുന്ന പ്രക്രിയ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങളുടെ പ്രോത്സാഹനത്തിന് പുതിയ വ്യവസായനയത്തിൽ 22 മുൻഗണനാ മേഖലകൾ സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനു പുറമെ വ്യവസായ മേഖലയ്ക്കായി പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, ഇൻഷുറൻസ് തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണ സ്വഭാവമുള്ള വൻകിട കമ്പനികൾ കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Participants at an interaction with representatives from the Medical Devices and Biotechnology sector organized by KSIDC
കൊച്ചിയിൽ കെഎസ്ഐഡിസി സംഘടിപ്പിച്ച മെഡിക്കൽ ഡിവൈസസ് ആൻഡ് ബയോടെക്നോളജി മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിലെ സദസ്സ്

വിപണിമൂല്യം വർധിപ്പിക്കൽ, വിപണനസാധ്യത, വികസനം എന്നിവയ്ക്കാണ് കേരളത്തിൻറെ വ്യവസായ മുൻഗണനയെന്ന് ചടങ്ങിൽ സംസാരിച്ച വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതിനകം 29 സ്വകാര്യ വ്യവസായപാർക്കുകൾക്ക് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രത്യേകമായ പരിഗണന വ്യവസായവകുപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വ്യവസായ നയത്തെക്കുറിച്ചുള്ള അവതരണവും അദ്ദേഹം നടത്തി.

കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്(കെഎൽഐപി) സിഇഒ ഡോ. പ്രവീൺ കെ എസ്, സീനിയർ മാനേജർ ഡോ. സുനിത ചന്ദ്രൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എം ഡി തോമസ് ജോൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.