Sections

സംസ്ഥാനത്തെ മാരിെൈടം മേഖലയിൽ പിപിപി മാതൃക ഫലപ്രദം: മന്ത്രി വി. എൻ വാസവൻ

Tuesday, Dec 03, 2024
Reported By Admin
Kerala Maritime Education Conference KMEC 2024, Kerala Maritime Sector Growth, Minister V.N. Vasavan

കേരള മാരിടൈം എജ്യുക്കേഷൻ കോൺഫറൻസ് മന്ത്രി ഉദ്ഘാടനം ചെയ്തു


കൊച്ചി: കേരളത്തിൻറെ മാരിടൈം മേഖലയുടെ പുരോഗതിക്ക് വിഴിഞ്ഞത്ത് നടപ്പാക്കിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക ഫലപ്രദമാണെന്നും ഭാവിയിൽ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ ഇത് പരിഗണിക്കുമെന്നും സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള മാരിടൈം ബോർഡ് (കെഎംബി) ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷൻ കോൺഫറൻസ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മാരിടൈം മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക നിർണായക പങ്ക് വഹിക്കും. പിപിപി മാതൃകയിലൂടെ കേരളത്തിലെ മാരിടൈം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണ്. കൊല്ലത്തെ നീണ്ടകര, തൃശ്ശൂരിലെ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (കെഎംഐ) പിപിപി മാതൃക കൊണ്ടുവരാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിഷറീസ്- തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ് ശ്രീനിവാസ് സന്നിഹിതരായിരുന്നു. മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോൺഫറൻസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിചക്ഷണർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മാരിടൈം വിദ്യാഭ്യാസത്തിൻറെ ഭാവി, തുറമുഖം, ഷിപ്പിംഗ,് മറ്റു അനുബന്ധ മേഖലകളിലെ വിദ്യാഭാസ നൈപുണ്യ സാധ്യതകൾ എന്നിവയെ സംബന്ധിച്ച ചർച്ചകൾക്ക് കോൺഫറൻസ് വേദിയായി. മാരിടൈം വ്യവസായത്തിൻറെ വളർച്ചയ്ക്ക് ഊന്നൽ നൽകി സംഘടിപ്പിച്ച കോൺഫറൻസിൽ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങൾക്കുമുള്ള പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയുമുണ്ടായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിൻറെ കമ്മീഷനിംഗ് ഈ മാസം തന്നെ നടക്കുമെന്നും പരീക്ഷണ ഘട്ടത്തിൽ 67 ഓളം കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടതായും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേന്ദ്രസർക്കാർ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കെഎംബിയുടെ കീഴിൽ 17 നോൺ മേജർ തുറമുഖങ്ങളുണ്ട്. കേരളത്തിലെ തീരപ്രദേശം പ്രയോജനപ്പെടുത്തിയാൽ അതിലൂടെ വികസനവും സമ്പദ്വ്യവസ്ഥയുടെ വളർച്ചയും സാധ്യമാകും. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കുന്നതിൽ കെഎംബിയുടെ പ്രവർത്തനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കെഎംഇസി 2024 പരിപാടി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാരിടൈം വിദ്യാഭ്യാസത്തിലെ മികവിൻറെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള യത്നത്തിൻറെ ഭാഗമായി കേരള മാരിടൈം ബോർഡ് തയ്യാറാക്കിയ പുതിയ ലോഗോയും വീഡിയോയും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

രാജ്യത്തിൻറെ മാരിടൈം മേഖലയിൽ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ ഭാവിയിൽ പ്രധാന പങ്ക് വഹിക്കുമെന്ന് കെ. എസ് ശ്രീനിവാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ്, ലോജിസ്റ്റിക്സ്, മറൈൻ സേഫ്റ്റി, കപ്പൽ നിർമ്മാണം എന്നിവയിൽ പ്രത്യേക കോഴ്സുകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കും. മാരിടൈം ടെക്നോളജി പോലുള്ള അനുബന്ധ മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ വളർത്തിയെടുക്കണം. അത് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമാണ്. നീണ്ടകര ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിൻറെ കേന്ദ്രമായി ഉയർത്തി ഭാവിയിൽ മറൈൻ യൂണിവേഴ്സിറ്റിയാക്കി മാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിലെ മാരിടൈം മേഖലയിൽ ഏറ്റവും മികച്ച സംഭാവന നൽകുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചടങ്ങിൽ സംസാരിച്ച ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷൻ 2030 പ്രകാരം നിലവിൽ ആഗോളതലത്തിൽ 12.5 ശതമാനം നാവികർ ഇന്ത്യക്കാരാണ്. ഇത് 20 ശതമാനമായി ഉയർത്താൻ ഉദ്ദേശിക്കുന്നു. ഇതിനായി മികച്ച വൈദഗ്ധ്യമുള്ള നാവികരെ സജ്ഞമാക്കേണ്ടതുണ്ട്. പിപിപി മാതൃക നടപ്പിലാക്കുന്നതിലൂടെ നീണ്ടകരയിലും കൊടുങ്ങല്ലൂരിലുമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ടെക്നോളജി കേന്ദ്രീകൃത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ഗുണനിലവാരമുള്ള മാരിടൈം വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കെഎംബി ചെയർമാൻ എൻ എസ.് പിള്ള സ്വാഗതം പറഞ്ഞു. ഐആർഎസ്എംഇ ചെയർപേഴ്സൺ കൊച്ചിൻ പോർട്ട് അതോറിറ്റി ബി. കാശിവിശ്വനാഥൻ, കെഎസ്ഐഎൻസി എംഡി ആർ. ഗിരിജ, കെഎംബി സിഇഒ ഷൈൻ എ ഹഖ് എന്നിവരും സന്നിഹിതരായിരുന്നു.

വേൾഡ് മാരിടൈം യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ബോർഡ് അംഗം സഞ്ജം സാഹി ഗുപ്ത, ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എസ്. ശാന്തകുമാർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, ഡിപി വേൾഡ് വല്ലാർപാടം ഐസിടിടി പോർട്ട് ടെർമിനൽ സിഇഒ പ്രവീൺ തോമസ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

മാരിടൈം വ്യവസായത്തിൻറെ വളർച്ചയ്ക്ക് ഊന്നൽ നൽകി സംഘടിപ്പിച്ച കോൺഫറൻസിൽ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങൾക്കുമുള്ള പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയുമുണ്ടായിരുന്നു.

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഡിപി വേൾഡ്, വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, എഎംഇടി യൂണിവേഴ്സിറ്റി, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.