- Trending Now:
കൊച്ചി: സംസ്ഥാന സർക്കാരിൻറെ ലോജിസ്റ്റിക്സ് പാർക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് വ്യവസായ-കയർ-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്റർ പദ്ധതിയിൽ കേരളത്തിന് ഈ നയം മേൽക്കൈ നൽകും. കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിനും ഇതു വഴി മികച്ച ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച മാരിറ്റൈം ആൻഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാന വ്യവസായ വകുപ്പ് ലോജിസ്റ്റിക്സ് പാർക്ക്സ് നയത്തിൻറെ കരട് പുറത്തിറക്കിയത്. ലോജിസ്റ്റിക്സ് പാർക്കുകൾക്ക് ഏഴ് കോടി രൂപ വരെ സബ്സിഡിയും പാർക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതടക്കം നിരവധി ശുപാർശകളാണ് നയത്തിൽ പരാമർശിച്ചിരുന്നത്. എല്ലാ പങ്കാളിത്ത മേഖലയിൽ നിന്നുമുള്ള പ്രതികരണങ്ങൾ ലഭിച്ചു കഴിഞ്ഞതായി മന്ത്രി രാജീവ് പറഞ്ഞു. മന്ത്രിസഭയിൽ അവതരിപ്പിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തലയിൽ അടുത്ത വർഷം പൂർണ സജ്ജമാകുന്ന കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിന് ഊർജ്ജം പകരുന്നതാണ് ദേശീയ മാരിറ്റൈം ക്ലസ്റ്ററെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്ററിൽ കേരളത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന കപ്പൽനിർമ്മാണ ശാലയാണ് കൊച്ചയിലുള്ളത്. വാണിജ്യപരമായി നേട്ടമുണ്ടാക്കുന്ന എല്ലാ മേഖലകളിലും നിക്ഷേപമുൾപ്പെടെ കൊച്ചി കപ്പൽശാലയുടെ എല്ലാ സഹകരണവുമുണ്ടാകും.
വ്യവസായം വളരില്ലെന്ന് അപഖ്യാതി കേരളത്തിന് മാറ്റിയെടുക്കാനായിട്ടുണ്ട്. തൊഴിലാളി സമരങ്ങൾ എന്നത് പഴങ്കഥയായി മാറി. ഇന്ത്യയിൽ തൊഴിലാളികൾ ഏറ്റവും അർപ്പണബോധത്തോടു കൂടി ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കൊച്ചി കപ്പൽശാലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമെന്നതാണ് സർക്കാരിൻറെ നയമെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടു വന്നിട്ടുണ്ട്. എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി, കാമ്പസ് വ്യവസായപാർക്കുകൾ, സ്വകാര്യ വ്യവസായ പാർക്കുകൾ, എന്നിവ സർക്കാരിൻറെ ക്രിയാത്മക പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി സംഘടിപ്പിച്ച മാരിറ്റൈം ആൻഡ് ലോജിസ്റ്റിക്സ് റൌണ്ട് ടേബിളിൽ കേരളത്തിൻറെ സമുദ്രസാധ്യതകൾ എങ്ങിനെ പൂർണമായും ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കെഎസ്ഐഎൻസി എം ഡി ആർ ഗിരിജ, ടിവിഎസ് ഗ്ലോബൽ ഫ്രൈറ്റ് സൊല്യൂഷൻസ് ജിഎം എംഎസ്ആർ കുമാർ, മാരിറ്റൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സിഇഒ ശ്രീകുമാർ കെ നായർ, സീഹോഴ്സ് ഗ്രൂപ്പ് റീജ്യണൽ മാനേജർ പ്രകാശ് അയ്യർ, സത്വ ലോജിസ്റ്റിക്സ് ഡയറക്ടർ പത്മനാഭൻ സന്താനം, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് സർവീസസ് എംഡി ജോൺസൺ മാത്യു കൊടിഞ്ഞൂർ, എന്നിവർ
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, എംഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.
കേരളത്തിൻറെ സമുദ്രസാധ്യതകൾ എങ്ങിനെ പൂർണമായും ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. ഇന്ന് ഈ മേഖലയിൽ ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരത്തിനും ഗതാഗതത്തിനും കേരളത്തിൻറെ ബൃഹത്തായ ജലസാധ്യതകൾ ഉപയോഗപ്പെടുത്തണം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളാണ് കേരളത്തിലുള്ളത്. ഇവിടേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാൽ കേരളത്തിലെ മാരിറ്റൈം മേഖലയ്ക്ക അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎസ്ഐഎൻസി എം ഡി ആർ ഗിരിജ, ടിവിഎസ് ഗ്ലോബൽ ഫ്രൈറ്റ് സൊല്യൂഷൻസ് ജിഎം എംഎസ്ആർ കുമാർ, മാരിറ്റൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സിഇഒ ശ്രീകുമാർ കെ നായർ, സത്വ ലോജിസ്റ്റിക്സ് ഡയറക്ടർ പത്മനാഭൻ സന്താനം, സീഹോഴ്സ് ഗ്രൂപ്പ് റീജ്യണൽ മാനേജർ പ്രകാശ് അയ്യർ, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് സർവീസസ് എംഡി ജോൺസൺ മാത്യു കൊടിഞ്ഞൂർ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.