Sections

സംസ്ഥാനത്തെ എല്ലാ പശുക്കളെയും സമഗ്ര ഇൻഷുറൻസിന് കീഴിലാക്കും- ജെ ചിഞ്ചുറാണി

Wednesday, Nov 27, 2024
Reported By Admin
Kerala livestock insurance scheme announcement by Minister J Chinchurani

  • ദേശീയ ക്ഷീരദിനാഘോഷങ്ങൾക്ക് തുടക്കം; അരുണോദയം, സ്നേഹമിത്രം പദ്ധതികൾക്ക് തുടക്കമായി

പാലക്കാട്: സംസ്ഥാനത്തെ എല്ലാ കന്നുകാലികളെയും ഇൻഷ്വർ ചെയ്യാനുള്ള സമഗ്ര ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇതിനായി കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ ധവളവിപ്ലവത്തിൻറെ പിതാവ് ഡോ. വർഗീസ് കുര്യൻറെ ജൻമദിനത്തിൽ ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്റിനറി ആംബുലൻസ് കൊണ്ടു വരും. കന്നുകുട്ടി പരിപാലനത്തിന് 22 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമാണ്. വേനൽ കാരണം 550 പശുക്കൾ കേരളത്തിൽ മരണപ്പെട്ടു. പശുവൊന്നിന് 37500 രൂപ വീതം സർക്കാർ കർഷകന് നൽകി വരികയാണ്. കാലിത്തീറ്റ ഉത്പാദനച്ചെലവ് കൂടുന്നത് കർഷകർക്കെന്ന പോലെ മിൽമയ്ക്കും കേരള ഫീഡ്സിനും ഒരു പോലെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കിടാരികളെ മികച്ച കറവയുള്ള പശുക്കളാക്കി മാറ്റുന്നതിനുള്ള അരുണോദയം പദ്ധതി, മിൽമ മലബാർ യൂണിയൻ ക്ഷീരകർഷകർക്ക് പത്തു രൂപ പ്രീമിയത്തിൽ നടപ്പാക്കുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയായ സ്നേഹമിത്രം എന്നിവയുടെ ഉദ്ഘാടനവും ജെ ചിഞ്ചുറാണി നിർവഹിച്ചു.

Dairy Development and Animal Husbandry Minister J Chinchurani inaugurates the state-level National Milk Day celebrations at Palakkad
ഡോ. വർഗീസ് കുര്യൻറെ ജന്മദിനത്തിലെ ദേശീയ ക്ഷീരദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുന്നു. തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, മിൽമ എംഡി ആസിഫ് കെ യൂസഫ്, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഉണ്ണികൃഷ്ണൻ വി പി തുടങ്ങിയവർ സമീപം.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രാജ്യമാകെ മാതൃകയാണ് മിൽമയെന്ന് ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. എല്ലാം സ്വകാര്യവത്കരിക്കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നതാണ് ഇന്ന് പ്രചരിപ്പിക്കുന്ന രീതി. ആധുനിക ഭാരതത്തിൻറെ സൃഷ്ടാവായ നെഹ്റുവിൻറെ സാമ്പത്തികനയം തെറ്റാണെന്ന് പറയുന്ന കാലമാണിത്. സാധാരണക്കാരന് ആനുകൂല്യം നൽകുന്നത് തെറ്റാണെന്ന് ബോധപൂർവം പ്രചരിപ്പിക്കുകയാണ്.

ഇതിനെല്ലാം മറുപടി നൽകാൻ ആർജ്ജവമുള്ള ജനതയാണ് മലയാളികൾ. അതിന് നേതൃത്വം നൽകാനുള്ള പ്രസ്ഥാനമാണ് മിൽമ. പൊതുമേഖലയ്ക്ക് നന്നായി നടത്താനാകുമെന്ന് രാജ്യത്തെ കാണിച്ചു കൊടുക്കാൻ സാധിക്കുന്ന മികച്ച ഉദാഹരണമാണ് മിൽമ. മത്സരിക്കുകയാണെങ്കിൽ കോർപറേറ്റിനോട് തന്നെ മത്സരിക്കണമെന്നതാണ് മിൽമയുടെ മനോഭാവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീരമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിൽ മിൽമയ്ക്ക് നേതൃപരമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മലമ്പുഴ എംഎൽഎ എ പ്രഭാകരൻ പറഞ്ഞു.

സഹകരണമേഖലയിലുള്ള രാജ്യത്തെ പൊതുസ്ഥാപനങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് ക്ഷീരകർഷകർ പ്രതിജ്ഞയെടുക്കണമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി പറഞ്ഞു. ഏതു കോർപറേറ്റ് സ്ഥാപനങ്ങളോടും പ്രൊഫഷണലായി മത്സരിക്കാനുള്ള ശേഷി ഇന്ന് മിൽമ കൈവരിച്ചു. അതേ സമയം ലഭിക്കുന്ന വരുമാനത്തിൻറെ 83 ശതമാനവും കർഷകർക്ക് നൽകിക്കൊണ്ട് പൊതുമേഖലയിലെ, ക്ഷേമപദ്ധതികളുടെ മാതൃകയായി മിൽമ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിൽമ എംഡി ആസിഫ് കെ യൂസഫ് നന്ദി പ്രകാശിപ്പിച്ചു.

തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, , ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഉണ്ണികൃഷ്ണൻ വി പി, മിൽമ ഭരണസമിതിയംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷീരസഹകരണ സംഘം പ്രവർത്തകർ, ക്ഷീരകർഷകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വിവിധ ക്ഷീരസംഘം വനിതകൾ അവതരിപ്പിച്ച ആകർഷകമായ കലാപരിപാടികളും അരങ്ങേറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.