- Trending Now:
കേരളത്തിന്റെ ഖജനാവിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മദ്യത്തിലൂടെ വന്നത് 46,546.13 കോടി രൂപ. ശരാശരി ഒരു വര്‍ഷം പതിനായിരം കോടി രൂപയ്ക്ക് അടുത്ത് വരും ഇത്. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റുമായ എംകെ ഹരിദാസ് നല്‍കിയ വിവരാവകാശത്തിന്, ടാക്സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ ഉള്ളത്. ഇതാണ് അഞ്ച് വര്‍ഷത്തെ കണക്ക് എങ്കില്‍ പ്രതിമാസം സംസ്ഥാന സര്‍ക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2019-20 കാലത്ത് 10,332.39 കോടിയും, 2018-19ല്‍ 9,915.54 കോടിയും ലഭിച്ചതാണ് ഏറ്റവും കൂടുതല്‍ നികുതി കിട്ടിയ വര്‍ഷങ്ങള്‍. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.
ബെവ്കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടി.
കേരളത്തില്‍ അഞ്ച് കൊല്ലത്തിനിടെ ബെവ്കോ വഴി വിറ്റ മദ്യത്തിന്റ കണക്കും പുറത്തുവന്നിട്ടുണ്ട്. 2016 മെയ് മുതല്‍ 2021 മെയ് വരെ സംസ്ഥാനത്ത് വിറ്റ മദ്യം 94 കോടി (ശരിക്കും കണക്ക് 94,22,54,386) ലിറ്ററാണ്. ബിയറിലേക്ക് വന്നാല്‍ ഇത് 42 കോടി ലിറ്റര്‍ വരും (ശരിക്കും കണക്ക് 42,23,86,768.08 ലിറ്റര്‍). വൈനിലേക്ക് വന്നാല്‍ 5.57 ലക്ഷം ലിറ്ററാണ് അഞ്ച് കൊല്ലത്തില്‍ മലയാളി ബെവ്കോ വഴി വാങ്ങിയത് (ശരിക്കും കണക്ക് 55,57,065.53 ലിറ്റര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.