Sections

ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിനായി ലാൻഡ് പൂളിംഗ്; കേരളത്തിനാകെ മാതൃകയാകുമെന്ന് പി രാജീവ്

Sunday, Nov 24, 2024
Reported By Admin
Infopark Phase 3 Land Pooling Workshop at Tapasya Auditorium, Kochi

കൊച്ചി: സംസ്ഥാന ലാൻഡ് പൂളിംഗ് ചട്ടം 2024-മായി ബന്ധപ്പെട്ട് ജിസിഡിഎ-യും ഇൻഫോപാർക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇൻഫോപാർക്കിൽ നടന്നു. ഇൻഫോപാർക്കിൻറെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേർന്ന് ലാൻഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല.

ഇൻഫോപാർക്ക് തപസ്യ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല വ്യവസായ-നിയമ-കയർവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും പ്രധാന വ്യവസായമായി ഐടി മാറിയിട്ടുണ്ട്. ഐടി ആവാസവ്യവസ്ഥയിൽ കൊച്ചിയുടെ സ്ഥാനം ഏറ്റവും പ്രധാനമാണ്. അതിനാലാണ് ഇൻഫോപാർക്കിൻറെ മൂന്നാം ഘട്ടത്തിനായി ലാൻഡ് പൂളിംഗ് നടത്താനാവുമോയെന്ന കാര്യം ചർച്ച ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത് വിജയകരമായി നടന്നാൽ കേരളത്തിനുടനീളം ഇൻഫോപാർക്ക് മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭൂമിവില, പാരിസ്ഥിതിക മേഖലാ പ്രശ്നങ്ങൾ, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിന് പ്രായോഗികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂവുടമയുടെ പൂർണസമ്മതത്തോടെ ഉപയോഗപ്പെടുത്താവുന്ന ലാൻഡ് പൂളിംഗ് നടപ്പിൽ വരുത്താനുള്ള സാധ്യത പരിശോധിച്ചത്. അതിനായി കേരള ലാൻഡ് പൂളിംഗ് നിയമവും പാസാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃകകൾ വിശകലനം ചെയ്യുകയും അതിൽ നിന്ന് കേരളത്തിൻറെ സാഹചര്യത്തിനൊത്ത മാതൃക രൂപപ്പെടുത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ വളരെ കുറച്ച് മാത്രം നടപ്പാക്കിയ ആശയമാണ് ലാൻഡ് പൂളിംഗ് എന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി. കേരളത്തിലെ ആദ്യ ലാൻഡ് പൂളിംഗിനായി ജിസിഡിഎയെ ആണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാക്കാൻ തക്കവണ്ണം കുറ്റമറ്റതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂർണമായും നിറഞ്ഞ് കഴിഞ്ഞ സാഹചര്യത്തിൽ പ്രായോഗിക പ്രശ്നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐടി പാർക്കായി മൂന്നാം ഘട്ടത്തെ മാറ്റാണ് ഉദ്ദേശിക്കുന്നതെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.

ആറ് സുപ്രധാന ഘടകങ്ങളാണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിലുണ്ടാകുന്നത്. കാർബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്തത, പൂർണമായ മാലിന്യ നിർമ്മാർജ്ജനം, കൊച്ചി നഗരം, ദേശീയപാത, റെയിൽവേ, വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഐടി പാർക്ക്, കെട്ടിടങ്ങളെയോ ഐടി കമ്പനികളെയോ അലോസരപ്പെടുത്താത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ മുന്നൂറ് ഏക്കറിലാകും ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതി നിർമ്മിക്കുന്നത്. ഐടി കമ്പനികൾക്ക് പുറമെ പാർപ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക-സാംസ്ക്കാരിക സംവിധാനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ഇതിൻറെ ഭാഗമായിരിക്കുമെന്നും സുശാന്ത് കുറുന്തിൽ പറഞ്ഞു.

കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജൻ, എറണാകുളം ജില്ലാകളക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) അബ്ദുൾ മാലിക്, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ ഷീബ എം എം, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ഗുജറാത്തിൽ നിന്നുള്ള നഗരാസൂത്രണ വിദഗ്ധരായ ഗോപാൽദാസ് ഷാ, രാജേഷ് റാവൽ, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി അഡിഷണൽ കമ്മീഷണർ സുര്യസായി പ്രവീൺ ചന്ദ്, നിയമവിദഗ്ധൻ മാത്യു ഇടിക്കുള, തുടങ്ങിയവർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി. ജിസിഡിഎ ഉദ്യോഗസ്ഥർ, എറണാകുളം ജില്ലാ ഭരണകൂടം അധികൃതർ, തദ്ദേശസ്വയംഭരണം, റവന്യു, ഐടി വകുപ്പകളിലെ ഉദ്യോഗസ്ഥർ, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് ഉദ്യോഗസ്ഥർ, എൻജിനീയറിംഗ് കോളേജ് പ്രതിനിധികൾ, നിയമവിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതിക്കായി എറണാകുളം ജില്ലയിൽ 300 ഏക്കർ സ്ഥലത്ത് ലാൻഡ് പൂളിംഗ് നടത്തുന്നതിന് ജിസിഡിഎ-യെ ചുമതലപ്പെടുത്തികൊണ്ട് സർക്കാർ ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു. 2024-ലെ സർക്കാർ നിയമം നിലവിൽ വന്നതിനു ശേഷമുളള ആദ്യത്തെ ലാൻഡ് പൂളിംഗ് പദ്ധതിയാകും ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിനായി നടപ്പാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.