Sections

സംരംഭക വര്‍ഷം പദ്ധതിയില്‍ കുതിച്ചുച്ചാടി കേരളം

Tuesday, Nov 29, 2022
Reported By admin
business

ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് വ്യാപാര മേഖലയിലാണ്. 54,108 തൊഴിലവസരങ്ങളാണ് വ്യാപാരമേഖലയില്‍ പുതുതായുണ്ടായത്

 


കേരളത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കുതിക്കുകയാണ് 'സംരംഭക വര്‍ഷം' പദ്ധതി. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞത്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ 'സംരംഭക വര്‍ഷം' പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങള്‍ കൊണ്ട് കേരളത്തില്‍ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്.

ഈ കാലയളവില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് വ്യാപാര മേഖലയിലാണ്. 54,108 തൊഴിലവസരങ്ങളാണ് വ്യാപാരമേഖലയില്‍ പുതുതായുണ്ടായത്. 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും പുതുതായുണ്ടായി.കൃഷി - ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 16129 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ  963.68 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ ഈ കാലയളവില്‍ ഉണ്ടായത്. 40622 പേര്‍ക്കാണ് ഈ മേഖലയില്‍ 'സംരംഭക വര്‍ഷം' വഴി തൊഴില്‍ നല്‍കാന്‍ സാധിച്ചത്. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 22,312 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 10,743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും പുതുതായി സൃഷ്ടിക്കപ്പെടുകയുണ്ടായി.സര്‍വ്വീസ് മേഖലയില്‍ 7048 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും 428 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 16156 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.


ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട മലപ്പുറം, എറണാകുളം ജില്ലകളാണ് 'സംരംഭക വര്‍ഷ'ത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.
വ്യവസായവകുപ്പിനുപുറമേ തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ടൂറിസം, തൊഴില്‍, ധനം എന്നീ വകുപ്പുകളുടെ ഏകോപനം വഴിയാണ് 'സംരംഭക വര്‍ഷം' പദ്ധതി മുന്നേറുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിവഴി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാള്‍ വളരെ വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.