- Trending Now:
ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ നൽകുന്നതിലും ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ കൂടുതൽ ഫലപ്രദവും തൊഴിലാളി സൗഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ചു. ശില്പശാലയുടെ ആദ്യഘട്ടം ദക്ഷിണ മേഖലയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രസിഡൻറുമാരെ ഉൾപ്പെടുത്തി തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ട കാലഘട്ടമായിരുന്നു കോവിഡ് മഹാമാരിയുടെ കാലമെന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. നഗര പ്രദേശങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്രയമാവുക വഴി കൂട്ട പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പദ്ധതി നിർവഹണം നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ആകെ തൊഴിലിനുവരുന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുന്നതിലും, ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ നൽകുന്നതിലും ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയും, തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധിയും നഗരതൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. ദാരിദ്ര്യ ലഘൂകരണത്തിനും ഉപജീവനം ഒരുക്കുന്നതിലും തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് വളരെ വലുതാണ്. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാലിന്യ സംസ്‌കരണ മേഖലയിലെ ഇടപെടൽ. സംസ്ഥാനം സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനം എന്ന നേട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. പല ഗ്രാമപഞ്ചായത്തുകളിലും അജൈവമാലിന്യം സംഭരിക്കുന്നതിനുള്ള എം.സി.എഫ്-ന്റെ അപര്യാപ്തത ഹരിതകർമ്മസേനാംഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.
ഒരു വാർഡിൽ കുറഞ്ഞത് 2 വീതമെങ്കിലും എം.സി.എഫ് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച് നൽകണം. ജല സംരക്ഷണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഇടപെടൽ വളരെ വലുതാണ് ഇത് ഗ്രാമപഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണം. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 2000 കുളങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിയിലൂടെ നിർമ്മിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകണം. അതിനായാണ് നീരുറവ് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുളളത്. ഗ്രാമപഞ്ചായത്തുകൾ അവ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.