- Trending Now:
കുടുംബശ്രീകള്‍ വഴിയുള്ള മുട്ടയുത്പാദനം ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുണ്ട്
കേരളം മാംസ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും മുമ്പ് മുട്ടയുത്പാദനത്തിന്റെ കാര്യത്തിലും സ്വയം പര്യാപ്തമാവുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്തിന്റെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ 1.18 കോടി രൂപയുടെ വികസന പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കുടുംബശ്രീകള്‍ വഴിയുള്ള മുട്ടയുത്പാദനം ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കുന്ന പാലിനൊപ്പം മുട്ട പദ്ധതിയില്‍ കുടുംബശ്രീകള്‍ ഉല്‍പാദിപ്പിക്കുന്ന മുട്ട ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച 89 ലക്ഷം രൂപയുടെ രണ്ട് ലേയര്‍ ഷെഡ്ഡുകള്‍, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ബയോ സെക്യൂരിറ്റി ആര്‍.കെ.വി.വൈ പദ്ധതി പൂര്‍ത്തീകരണം എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന, വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 49 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മിച്ച രണ്ടു ഡബിള്‍ സെറ്ററും ഹാച്ചറും, ഫാം റോഡ്, ഫാം നവീകരണം എന്നിവയുടെ ഉദ്ഘാടനം സഹകരണ- സംസ്‌കാരികവകുപ്പ് മന്ത്രി വി.എന്‍ വാസവനും നിര്‍വഹിച്ചു.
എഴുപതിനായിരം മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉല്‍പാദിക്കാനുള്ള ശേഷിയില്‍ നിന്ന് ഒരു ലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയിലേക്ക് മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം വളര്‍ന്നതായി വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച സഹകരണ-രജിസ്‌ട്രേഷന്‍-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിനോദസഞ്ചാരത്തിന് കൂടി അനുയോജ്യമായ തരത്തിലാണ് മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രമെന്നും ഭാവിയില്‍ വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തികള്‍ക്കു ശ്രദ്ധ നല്‍കണമെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.