Sections

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നു: മന്ത്രി പി രാജീവ്

Saturday, Jun 15, 2024
Reported By Admin
Kerala is growing as an industry-friendly state

പ്രവാസികൾക്കുൾപ്പെടെ സുരക്ഷിത നിക്ഷേപത്തിനു കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന കേരള മാതൃക നവ വികസനം എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുഡ് പ്രോസസിങ് മേഖലയിൽ വലിയ വളർച്ചയാണ് കേരളം നേടിയത്. പാലക്കാട് മെഗാ ഫുഡ് പാർക്ക് ഇപ്പോൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു. ചേർത്തല സീഫുഡ് ഫാക്ടറി, തൊടുപുഴയിലെ സ്പൈസ് പ്രോസസ്സ് യൂണിറ്റുൾപ്പെടെ പത്ത് പാർക്കുകൾ ആരംഭിക്കുകയാണ്. 10 ഏക്കറിൽ കുറയാതെ ഭൂമിയുള്ള സ്വകാര്യ വ്യക്തികൾക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുവാൻ അനുമതി നൽകി കഴിഞ്ഞു. 22 എണ്ണത്തിന് അനുമതി നൽകുകയും രണ്ട് എണ്ണം ഉദ്ഘാടനം കഴിയുകയും ചെയ്തു. പ്രവാസികൾക്ക് ഏറ്റവും സാധ്യതയുള്ള മേഖലയാണിത്. രാജ്യത്തെ മെഡിക്കൽ ഡിവൈസ് വ്യവസായത്തിന്റെ 20% കേരളത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക്, ഏറ്റവും വലിയ കൃത്രിമ പല്ല് നിർമാണ കമ്പനിയും കേരളത്തിലാണെന്നത് വ്യവസായ സൗഹൃദത്തിന്റെ മികച്ച ഉദാഹരണമാണെന്നു മന്ത്രി പറഞ്ഞു.

രണ്ടേകാൽ ലക്ഷം എം എസ് എം ഇ കൾ, ഐ ടി കോറിഡോറുകൾ, നാല് വർഷ ബിരുദം തുടങ്ങിയ മാറ്റങ്ങൾ പ്രധാനമാണ്. 45 രാജ്യങ്ങളിൽ നിന്നായി 1600 ഓളം വിദ്യാർഥികൾ കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം 80000 സ്കൂൾ അധ്യാപകർക്ക് നൽകി ലോകത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ മലയാളി അക്കാദമിക വിദഗ്ദ്ധരുൾപ്പെടുന്ന ഫാക്കൽറ്റി ഹബ്ബ്, മാലിന്യ സംസ്കരണത്തിനുള്ള നൂതനാശയങ്ങൾ, പ്രവാസി ലോകവുമായുള്ള സാംസ്കാരിക വിനിമയം എന്നിവക്ക് ലോക കേരള പ്രതിനിധികൾ സഹകരണമറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.