Sections

ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക; ജലവിഭവ വകുപ്പ് മന്ത്രി

Saturday, Jun 03, 2023
Reported By admin
kerala

ആയുർവേദം , അലോപ്പതി, ഹോമിയോ വിഭാഗങ്ങളിൽ ഉൾപ്പെടെ ആരോഗ്യ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്


ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റേയും ഔഷധ സസ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആയുർവേദം , അലോപ്പതി, ഹോമിയോ വിഭാഗങ്ങളിൽ ഉൾപ്പെടെ ആരോഗ്യ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ശിശു മരണ നിരക്ക് കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തിനാകമാനം നമ്മുടെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തന ക്ഷമത ബോധ്യപ്പെടും. ആയുർവേദ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളെ തുടർന്ന് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം ആളുകൾ നമ്മുടെ ജില്ല കേന്ദ്രീകരിച്ച് ചികിത്സ തേടുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, ടൂറിസം തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഐപി വിഭാഗത്തിനും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 20 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പ്രയത്നമാണ് ജലവിഭവ വകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജല ബജറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെയും യോഗ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നിർവഹിച്ചു. ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് നിർവഹിച്ചു. വാത്തിക്കുടി നിവാസികൾ രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ ശ്രമഫലമായി വാങ്ങിയ 50 സെന്റ് സ്ഥലത്ത് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. പരിശോധന മുറി, ഡോക്ടറുടെ മുറി, യോഗ ഹാൾ, ഫാർമസി , മെഡിസിൻ സ്റ്റോർ റും, കാത്തിരിപ്പ് കേന്ദ്രം, ഒ.പി ടിക്കറ്റ് കൗണ്ടർ, അടുക്കള, ശുചിമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും പുതിയ ആശുപത്രി കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വാത്തിക്കുടി ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.