- Trending Now:
കൊച്ചി: കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങൾ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വർഷത്തിനുള്ളിൽ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനകത്തു നിന്നു മാത്രം ആകർഷിക്കാനായെന്നും വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി പി രാജീവ്. 2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതൽ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന സംരംഭകർക്കായി സംഘടിപ്പിച്ച ഇൻവെസ്റ്റർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021 നു ശേഷം ഒരു കോടി രൂപയ്ക്കു മുകളിലായി മുടക്കുമുതലുള്ള 696 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 203 സംരംഭങ്ങൾ 100 കോടിക്കു മുകളിൽ നിക്ഷേപിച്ചവയാണ്. 15925.89 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവിൽ ആകെ ആകർഷിക്കാനായത്.
2022-23 സംരംഭക വർഷത്തിൻറെ ഭാഗമായി 3,43,083 സംരംഭങ്ങൾ ആരംഭിക്കാനും 21,299 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 7 ലക്ഷം പേർക്ക് തൊഴിൽ നൽകാനുമായി. ഇതിൽ 31 ശതമാനം വനിതാ സംരംഭകരാണ്. വലിയ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണത്തിലും പ്രവർത്തനത്തിലും സമാനമായ പുരോഗതിയാണ് ഈ കാലയളവിൽ സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. നിരവധി വിദേശ കമ്പനികളും നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കു വരുന്നുണ്ട്. ഈ അനുകൂല്യ സാഹചര്യം കൂടുതൽ പ്രയോജനപ്പെടുത്തി, നിക്ഷേപ സാധ്യതയുള്ള പുതിയ മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യമായതിൻറെ ഗുണപരമായ മാറ്റം സംസ്ഥാനത്തെ വ്യവസായ മേഖലയിലാകെ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2023 ലെ സംസ്ഥാന വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിനായുള്ള നടപടികൾ മുന്നോട്ടുപോകുന്നു. ഇത്തരം അനുകൂലമായ വ്യവസായികാന്തരീക്ഷത്തിലാണ് അടുത്ത വർഷം ഇൻവെസ്റ്റ് കേരള ആഗോള സമ്മേളനം നടക്കാനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മീറ്റ്, സെക്ടർ മീറ്റ്, റോഡ് ഷോ തുടങ്ങിയ പരിപാടികൾ കേരളത്തിൻറെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാൻ അവസരമൊരുക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേന്ദ്ര റാങ്കിംഗിൽ കേരളം നേടിയ ഒന്നാം സ്ഥാനം നിലനിർത്താനുള്ള കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും സംരംഭകർ കേരളത്തിലെ വ്യവസായ മേഖലയുടെ അംബാസഡർമാരായി മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിരവധി ആകർഷകമായ സബ്സിഡികളും പ്രോത്സാഹനങ്ങളുമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുതിയ സംരംഭകർ കൂടുതലായി പ്രയോജനപ്പെടുത്തണം. സാധ്യതയുള്ള എല്ലാ മേഖലകളിൽ നിന്നും സംരംഭങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതു പോലെത്തന്നെ പ്രധാനമാണ് അതിൻറെ ഭാവിയെന്നും അതിനെ പിന്തുണയ്ക്കുന്ന നടപടികളാണ് സർക്കാരും കെഎസ്ഐഡിസിയും സംരംഭകർക്ക് നൽകി വരുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെഎസ്ഐഡിസി ചെയർമാൻ ബാലഗോപാൽ സി പറഞ്ഞു.
കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ് കൃപകുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലിപ്പിൻ റോയ് എൽഡി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
കേരളത്തിലെ 100 മുതൽ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന വിവിധ മേഖലകളിലുള്ള 250 സംരംഭകർ കോൺക്ലേവിൽ പങ്കെടുത്തു. പുതിയ നിക്ഷേപ സാധ്യതകളെയും മേഖലകളെയും കുറിച്ച് വ്യവസായ സംരംഭകർ അഭിപ്രായങ്ങൾ പങ്കുവെച്ചു. വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പിൽ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും കോൺക്ലേവിൽ ഉയർന്നുവന്നു. ഇതുമായി ബന്ധപ്പെട്ട പരിഹാര മാർഗങ്ങളെ സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സംരംഭകർക്ക് മറുപടി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.