Sections

നിങ്ങള്‍ക്കും സംരംഭകനാകാം; 5007 വ്യവസായ സംരംഭങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം

Saturday, May 28, 2022
Reported By admin
business

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വ്യവസായ വകുപ്പ് കൈത്താങ്ങ് സഹായം നല്‍കും.

 


ചെറു സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ സര്‍ക്കാര്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.അതിന്റെ ഭാഗമായി ഇടുക്കിയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ 'നിങ്ങള്‍ക്കും സംരംഭകനാകാം' ബോധവല്‍ക്കരണ ശില്പശാല വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലയില്‍ 5007 വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും നിരീക്ഷണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ 'ഒരു ലക്ഷം സംരംഭം' എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക സൗഹൃദ നടപടികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്‌കീമുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഇടുക്കി ബ്ലോക്ക് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജേഷ് വി.എസ് ക്ലാസ് എടുത്തു. സംശയ നിവാരണത്തിനായി വ്യവസായ വകുപ്പ് പ്രതിനിധിയുടെ സേവനം പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു വരികയാണ്. ജില്ലയിലെ 54 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രണ്ട് മുനിസിപ്പാലിറ്റികളിലും 24 ഗ്രാമ പഞ്ചായത്തുകളിലും ഒന്നാം ഘട്ട ബോധവല്‍ക്കരണ പരിപാടി നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി പ്രത്യേകം സാങ്കേതിക പരിജ്ഞാനമുളള ഇന്റേണുകളെ നിയമിച്ചുകൊണ്ടാണ് ബോധവല്‍ക്കരണ പരിപാടി നടത്തിക്കൊണ്ടിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തില്‍ രണ്ടാം ഘട്ട ലോണ്‍/ലൈസന്‍സ്/സബ്‌സിഡി മേളകള്‍ സംഘടിപ്പിക്കും.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വ്യവസായ വകുപ്പ്് കൈത്താങ്ങ് സഹായം നല്‍കും. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി), എന്റര്‍പ്രൊണേഴ്‌സ് സപ്പോര്‍ട്ട് സ്‌കീം (ഇഎസ്എസ്), മാര്‍ജിന്‍ മണി ഗ്രാന്റ് റ്റു നാനോ, പലിശ സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ വഴി സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താലൂക്ക് വ്യവസായ ആഫീസുകളുമായോ ജില്ലാ വ്യവസായകേന്ദ്രവുമായോ ബന്ധപ്പെടണം. 90 പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.