Sections

സംസ്ഥാനത്ത് മദ്യ ക്ഷാമം

Saturday, Nov 12, 2022
Reported By MANU KILIMANOOR

വ്യാജ മദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സ്

 മദ്യം കിട്ടാനില്ലാത്ത അവസ്ഥ വരുന്നു, വ്യാജ മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുമെന്ന് ഇന്റലിജന്‍സ്. ബിവറേജസ് ഷോപ്പുകളില്‍ മദ്യശേഖരം പരിമിതമായതോടെ സംസ്ഥാനത്ത് വ്യാജ മദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. നികുതിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിസ്റ്റലറികള്‍ ഉത്പാദനം നിര്‍ത്തിയതോടെ ബിവറേജസ് ഷോപ്പുകളില്‍ മദ്യലഭ്യത കുറഞ്ഞു. നിലവില്‍ നാലുലക്ഷം കെയ്‌സ് മദ്യമാണ് ഗോഡൗണുകളിലുള്ളത്. ഇതില്‍ ഭൂരിഭാഗവും വിലകൂടിയതാണ്. ആവശ്യക്കാര്‍ ഏറെയുള്ള വിലകുറഞ്ഞ മദ്യം മിക്കയിടത്തുമില്ല ഒരാഴ്ചത്തെ വില്‍പ്പനയ്ക്കുള്ള മദ്യശേഖരമാണ് കോര്‍പ്പറേഷന്റെ കൈവശമുള്ളത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി. 

നേരത്തേ 25 കോടി രൂപയ്ക്ക് മേലേയായിരുന്നു. ബിവറേജസ് ഷോപ്പുകളിലെ ഉപഭോക്താക്കളില്‍ പത്തുശതമാനംപേര്‍ മദ്യാസക്തിയുള്ളവരാണ്. ഷോപ്പുകളില്‍ മദ്യമില്ലാതെവന്നാല്‍ ഇവര്‍ മറ്റു ലഹരികള്‍ തേടാനുള്ള സാധ്യതയുണ്ട്. ഇത് വിഷമദ്യ ദുരന്തസാധ്യത വര്‍ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നികുതിവെട്ടിച്ച് മദ്യമെത്തിക്കാനുള്ള സാധ്യതയും എക്‌സൈസ് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകളില്‍ നിരീക്ഷണം കര്‍ശനമാക്കി.വ്യാജമദ്യക്കച്ചവട സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും കൂട്ടി. തിരുവനന്തപുരം ജില്ലയില്‍ ജനകീയ ബ്രാന്‍ഡുകള്‍ തീര്‍ന്നിട്ടു ഏറെ നാളായി. വില കൂടിയ മദ്യം മാത്രമാണ് ഇപ്പൊള്‍ ലഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.