- Trending Now:
സാമൂഹിക സുരക്ഷയിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. നിരവധി പ്രമുഖ സാമ്പത്തിക വിദഗ്ധരും കേരളാ മോഡലിനെ കുറിച്ച് എടുത്തു പറഞ്ഞിട്ടുണ്ട്. ഇതിനിടെ വ്യവസായത്തിലും നിക്ഷേപം ആകര്‍ഷിക്കുന്നതിലും മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറിയിരുന്നു. എന്നാല്‍ തൊഴിലാളിക്ക് അഭിമാനിക്കാവുന്ന ദിവസക്കൂലിയുള്ളത് കേരളത്തിലാണെന്ന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് ആര്‍ബിഐ പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് ഏറ്റവും ഉയര്‍ന്ന ദിവസക്കൂലിയുള്ളത് കേരളത്തിലാണെന്ന് സൂചിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ ഒരു നിര്‍മാണ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം, താഴ്ന്ന കൂലിയുള്ള മദ്ധ്യപ്രദേശ്, ത്രിപുര എന്നിവടങ്ങളിലേക്കാള്‍ മൂന്ന് മടങ്ങിലധികമാണെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ദിവസക്കൂലിയുള്ള സംസ്ഥാനങ്ങളില്‍ കേരളം, ജമ്മു & കാശ്മീര്‍, തമിഴ്‌നാട് എന്നിവയാണ് മുന്നിലുള്ളത്. എന്നാല്‍ ഏറ്റവും വ്യവസായവത്കരിക്കപ്പെട്ട ഗുജറാത്തും മഹാരാഷ്ട്രയും വേതനത്തിന്റെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നു എന്നതും ശ്രദ്ധേയം.
ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ ഒരു നിര്‍മാണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 837.3 രൂപയാകുന്നു. ഇതേ സ്ഥാനത്ത് ത്രിപുരയില്‍ 250 രൂപയും മദ്ധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയും വീതമാണ് ലഭിക്കുന്നതെന്നു 2022 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കി ആര്‍ബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ജമ്മു കാശ്മീരില്‍ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി പ്രതിദിന വേതനം 519 രൂപയാണ്. വടക്കന്‍ മേഖലയില്‍ 500-ലധികം രൂപ ദിവസക്കൂലിയായി തൊഴിലാളിക്ക് നേടാവുന്ന ഏക സംസ്ഥാനവുമാണിത്.
പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ശരാശരി ദിവസക്കൂലി 478 രൂപയാണ്. തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശ് (462 രൂപ), ഹര്യാന (462 രൂപ), ആന്ധ്രാപ്രദേശ് (409 രൂപ) തുടങ്ങിയ സംസ്ഥാനങ്ങളും ഇടംനേടി. നിര്‍മാണ മേഖലയ്ക്ക് പുറമെ, കാര്‍ഷിക/ കാര്‍ഷികേതര വിഭാഗങ്ങളിലും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിവസക്കൂലിയുള്ളത് കേരളത്തില്‍ തന്നെയാണെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹിമാചല്‍ പ്രദേശാണ്. അതേസമയം കാര്‍ഷിക/ കാര്‍ഷികേതര വിഭാഗങ്ങളിലും ഏറ്റവും താഴ്ന്ന വേതന നിരക്കുള്ളത് ഗുജറാത്തിലും മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്.
അതേസമയം വേതനത്തില്‍ പുറകിലാണെങ്കിലും വ്യവസായവത്കൃത സംസ്ഥാനങ്ങള്‍ തന്നെയാണ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുന്നിലെന്നതും ശ്രദ്ധേയം. ലഭ്യമായ രേഖകള്‍ പ്രകാരം 2020 സാമ്പത്തിക വര്‍ഷത്തില്‍ 72,000 കോടിയുടെ സ്ഥിര മൂലധന നിക്ഷേപം ആകര്‍ഷിച്ച് ഗുജറാത്താണ് മുന്നിലെത്തിയത്. 69,900 കോടി കരസ്ഥമാക്കി മഹാരാഷ്ട്ര രണ്ടാമതും 45,900 കോടിയുടെ നിക്ഷേപം ഉറപ്പാക്കി തമിഴ്‌നാടും 27,000 കോടിയുടെ വ്യവസായം കൈവശമാക്കി കര്‍ണാടകയും പട്ടികയില്‍ പിന്നാലെയുണ്ട്. 2020 സാമ്പത്തിക വര്‍ഷം ഒടുവില്‍ രാജ്യം ദേശീയ ലോക്ക്ഡൗണിലേക്ക് പോയതിനാല്‍ ഈ നിക്ഷേപങ്ങളുടെ സാമ്പത്തിക പ്രതിഫലനം 2021, 2022 വര്‍ഷങ്ങളിലായാണ് കാണാനായത്.
ദേശീയ തലത്തില്‍ മൊത്ത സ്ഥിര മൂലധന നിക്ഷേപം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇടിഞ്ഞെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തില്‍ 47.8 ലക്ഷം കോടി രൂപ കരസ്ഥമാക്കി നില മെച്ചപ്പെടുത്തി. 2020 സാമ്പത്തിക വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണിത്. 2022 സാമ്പത്തിക വര്‍ഷത്തോടെ കര്‍ണാടകയുടേയും തമിഴ്‌നാടിന്റേയും സമ്പദ്ഘടന, 20 ലക്ഷം കോടിയുടെ മൊത്തം ആഭ്യന്തര ഉത്പാദന മൂല്യം (GSDP) മറികടന്നുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ 16 ലക്ഷം കോടിയും ഉത്തര്‍പ്രദേശില്‍ 18.6 ലക്ഷം കോടിയുമാണ് ജിഎസ്ഡിപിയുള്ളത്. ലഭ്യമായ 2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര സംസ്ഥാന 27 ലക്ഷം കോടിയുടെ സമ്പദ്ഘടനയാണ്. അതേസമയം സമതുലിതമായ മേഖലാ വളര്‍ച്ചയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനവുമാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട 2 മുഖ്യ ഘടകങ്ങളെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.