Sections

ഭിന്നശേഷിക്കാരെ സംരംഭക മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി| innovation by youth with disabilities

Tuesday, Jul 26, 2022
Reported By admin
business

ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കു നവീനവും നൂതനവുമായ ആശയങ്ങളിലും സംരംഭകത്വത്തിലും നേരിട്ടു പരിശീലനം നൽകുന്ന പദ്ധതിയാണ് ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്

 

ഭിന്നശേഷിക്കാരുടെ സംരഭകത്വ താത്പര്യം വർധിപ്പിക്കാൻ ഉതകുന്ന പ്രത്യേക പരിശീലന, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.  കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും(കെ-ഡിസ്‌ക്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങും(നിഷ്) ചേർന്നു നടപ്പാക്കുന്ന ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്(ഐ-വൈ.ഡബ്ല്യു.ഡി) പദ്ധതിയുമായി സഹകരിക്കുന്നതിനു കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിൽ, സംരംഭക മേഖലകളിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികച്ച സാധ്യത നൽകുന്നതാണു  (ഐ-വൈ.ഡബ്യൂ.ഡി) പദ്ധതിയെന്നു മന്ത്രി പറഞ്ഞു. ഭിന്നശേഷിയും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിച്ചു നടപ്പാക്കുന്ന പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്ന നവവൈജ്ഞാനിക സൃഷ്ടിയെന്ന ആശയത്തിലേക്കു വഴിതുറക്കുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഭിന്നശേഷി പുനരധിവാസ മേഖലയിൽ വലിയ സംഭാവനചെയ്യാൻ കഴിയും. ചെന്നൈ ഐ.ഐ.ടി. മാതൃകയിൽ അസിസ്റ്റീവ് ടെക്നോളജി വികസിപ്പിച്ച് എല്ലാ ക്യാംപസുകളേയും ബാരിയർ ഫ്രീ ക്യാംപസുകളാക്കുന്നതിനു സർക്കാർ നടപടിയെടുക്കും. സംസ്ഥാനത്തെ മുഴുവൻ കലാലയങ്ങളേയും ഭിന്നശേഷി സൗഹാർദമാക്കുകയെന്ന വലിയ ലക്ഷ്യം സാധ്യമാക്കുന്നതിന് ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കു നവീനവും നൂതനവുമായ ആശയങ്ങളിലും സംരംഭകത്വത്തിലും നേരിട്ടു പരിശീലനം നൽകുന്ന പദ്ധതിയാണ് ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്(ഐ-വൈ.ഡബ്ല്യു.ഡി). പദ്ധതിയുമായി ധാരണാപത്രം ഒപ്പുവച്ചതോടെ, കേരള സാങ്കേതിക സർവകലാശാലയ്ക്കു(കെ.ടി.യു) കീഴിലുള്ള കോളജുകളിൽനിന്നുള്ള വിദഗ്ധ ഉപദേഷ്ടാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ സേവനവും സാങ്കേതിക സഹായവും പദ്ധതിക്കു ലഭിക്കും. ധാരണാപത്രം ഒപ്പുവച്ച കോളജുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും പരിശീലനവും ഐ-വൈ.ഡബ്ല്യു.ഡി നൽകും. കെ.ടി.യുവിനു കീഴിലുള്ള 15 കോളജുകളുമായാണ് ഐ-വൈ.ഡബ്ല്യു.ഡി ധാരണാപത്രം ഒപ്പുവച്ചത്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.