Sections

വീട്ടിലിരുന്ന് സമ്പാദിക്കാം; പദ്ധതികള്‍ ഒരുപാട് സ്വപ്‌നം ഇനി കൈയ്യെത്തും ദൂരെ

Wednesday, Aug 25, 2021
Reported By admin
Self Employment Schemes

വീട്ടിലിരുന്ന് പോലും വരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ നമുക്ക് മുന്നിലുണ്ട് പലതിനെ കുറിച്ചും അറിവില്ലെന്ന് മാത്രം

 

സ്വന്തമായി വരുമാനം ഏതൊരാളും സ്വപ്‌നം കാണുന്ന സംഗതിയാണ്.സര്‍ക്കാര്‍ ജോലിയോ മറ്റേതെങ്കിലും പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയോ ചെയ്യാന്‍ സാഹചര്യം അനുവദിക്കാത്തവര്‍ക്ക് വീട്ടിലിരുന്ന് പോലും വരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ നമുക്ക് മുന്നിലുണ്ട് പലതിനെ കുറിച്ചും അറിവില്ലെന്ന് മാത്രം. സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്ന അത്തരം ചില അവസരങ്ങള്‍ നോക്കിയാലോ ?


സ്ത്രീകള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. അരിപ്പൊടിയും സോപ്പും മൈക്രോഫിനാന്‍സും മാത്രമല്ല കുടുംബശ്രീ ട്രാവല്‍സ്, ഐ.ടി, പച്ചക്കറി കൃഷി, വസ്ത്രനിര്‍മാണം, മാലിന്യ സംസ്‌കരണം, കെട്ടിട നിര്‍മാണ രംഗം എന്നിവ മുതല്‍ ആരോഗ്യ സേവന രംഗത്തുവരെ വിപുലമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍

നിങ്ങളുടെ ആശയത്തിന് അനുസരിച്ച് ചെറുകിട സംരംഭം തുടങ്ങാന്‍ വിവിധ പദ്ധതികളിലൂടെ വിവിധ ഏജന്‍സികളുടെ സഹായം ഉണ്ടാകും. ഇനി ഒരു കഴിവുമില്ല എന്നാണ് തോന്നുന്നതെങ്കില്‍ നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള പരിശീലനവും നല്‍കും. ഒറ്റക്കോ സംഘമായോ നിങ്ങള്‍ക്ക് ഒരു സംരംഭം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ സമീപിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും.

മട്ടുപ്പാവ് പച്ചക്കറി,ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങള്‍,ഫാബ്രിക് പെയിന്റിംഗ്,തുന്നല്‍,ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി ഏത് തരം വസ്തുക്കളുടെ വിപണനവും ഇന്ന് ഈസിയായി നടക്കുന്നതാണ്.വലിയ മെഷീനുകളോ സാങ്കേതിക വിദ്യകളോ ഇത്തരം ബിസിനസുകള്‍ക്ക് ആവശ്യവുമില്ല.കുടുംബ ശ്രീയ്ക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍,ഖാദി ബോര്‍ഡ് ഒക്കെ ഇത്തരം ചെറുകിട സംരംഭകരെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്.

ഇക്കൂട്ടത്തില്‍ വളരെ ജനപ്രിയമായ ഒരു പദ്ധതിയാണ് കെസ്‌റു(KESRU) .എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ നടപ്പാക്കുന്ന പദ്ധതിയാണിത്. വളരെ ചെറിയ നിക്ഷേപത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ചെറിയ ബേക്കറി യൂണിറ്റുകള്‍, തയ്യല്‍ കേന്ദ്രങ്ങള്‍, ആട്, പശു, കോഴി ഫാമുകള്‍, ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ ആരംഭിക്കാം.പ്രായം 21-നും 50-നും മധ്യേയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയായിരിക്കണം. എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.ഒരു ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും. ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ആരംഭിക്കാവുന്നതാണ്. ഗ്രൂപ്പിലെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.


ഖാദി ബോര്‍ഡിന്റെ ഓഫീസുകള്‍ നടപ്പാക്കി വരുന്ന ഒരു സ്വയം തൊഴില്‍ പദ്ധതിയാണ് 'എന്റെ ഗ്രാമം.' ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സൂക്ഷ്മസംരംഭങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം.വിദ്യാഭ്യാസം, വയസ്സ്, വാര്‍ഷിക വരുമാനം എന്നിവയില്‍ ഒരു നിബന്ധനയുമില്ല. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും.ഖാദി ബോര്‍ഡിന്റെ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.വിലാസം: ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് ബോര്‍ഡ്, ഗ്രാമസൗഭാഗ്യ, വഞ്ചിയൂര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2471696.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ വായ്പാ പദ്ധതിയാണിത് പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി (PMEGD). ഖാദി കമീഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും അഞ്ചുലക്ഷം രൂപവരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ലഭിക്കും. അപേക്ഷിക്കുന്ന വ്യക്തി എട്ടാം ക്ലാസ് ജയിച്ചിരിക്കണം.ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകള്‍, ജില്ലാ ഖാദി ബോര്‍ഡ് ഓഫീസുകള്‍, ഖാദി കമീഷന്‍ ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.