Sections

കേരള സര്‍ക്കാര്‍ നല്‍കും 2 കോടി വരെ വായ്പ, പലിശ 5% വരെ മാത്രം

Friday, Nov 12, 2021
Reported By Admin
loan

മൂന്നു ഘട്ടമായാണ് ഇതു നടപ്പിലാക്കുക

 

കോവിഡ് മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട് ലക്ഷണക്കണക്കിനു പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യാത്രാവിലക്കു മൂലം വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഏറെയുണ്ട്. ഇവരെയെല്ലാം പുനരധിവസിപ്പിക്കാനും സംരംഭം ആരംഭിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം 50 കോടിയുടെ 'നോര്‍ക്ക പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി' (പ്രവാസി-ഭദ്രത) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഘട്ടമായാണ് ഇതു നടപ്പിലാക്കുക. 

2 ലക്ഷം വരെ പലിശരഹിത വായ്പ 

ചെറുസംരംഭങ്ങള്‍ക്ക് ഉള്ളതാണ്‌ പേള്‍(പ്രവാസി ഓണ്‍ട്രപ്രണര്‍ഷിപ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ്‌ ലൈവ്‌ലി ഹുഡ്‌സ്) എന്ന പദ്ധതി. ഇതു നടപ്പാക്കുന്നത് അതത് പ്രദേശത്തെ കുടുംബശ്രീയാണ്. അപേക്ഷ നല്‍കേണ്ടത് സിഡിഎസിലാണ്. അപേക്ഷകനോ കുടുംബാംഗമോ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമാകണം. 

  1.  രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരുന്ന വ്യക്തിക്കോ കുടുംബാംഗങ്ങള്‍ക്കോ (ജീവിതപങ്കാളി/ മാതാപിതാക്കള്‍) വായ്പയും ധനസഹായവും നല്‍കും.
  2.  പരമാവധി രണ്ടു ലക്ഷം രൂപയോ പദ്ധതിത്തുകയുടെ 75 ശതമാനമോ ഏതാണ് കുറവ് അത് പലിശരഹിത വായ്പയായി നല്‍കും. 25% തുക സംരംഭക വിഹിതമാണ്. മൂന്നു മാസത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി. വായ്പത്തുക 21 മാസത്തിനകം തുല്യ ഗഡുക്കളായി അടയ്ക്കണം.
  3.  പാസ്‌പോര്‍ട്ട്, വീസ പേജ്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ കോപ്പിയും പ്രോജക്ട് റിപ്പോര്‍ട്ടും അടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോം സിഡിഎസ് ഓഫിസുകളിലും കുടുംബശ്രീ വെബ്‌സൈറ്റിലും (www.kudumbashree.org/perl) ലഭിക്കും. പരിശീലനം ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലില്‍ മേല്‍ നല്‍കിയ ലിങ്ക് മുഖേന റജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരവങ്ങള്‍ക്ക് : https://kudumbashree.org/pearl ക്ലിക്ക് ചെയ്യുക  

5 ലക്ഷം രൂപ വായ്പയും ഒരു ലക്ഷം രൂപ സബ്‌സിഡിയും 

ഇടത്തരം സംരംഭങ്ങള്‍ക്കായി Micro Enterprise Assistance Scheme പ്രകാരം 5 ലക്ഷം രൂപ വായ്പ അനുവദിക്കും. തുടക്കത്തില്‍ത്തന്നെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ലക്ഷം രൂപ ആദ്യം തന്നെ മൂലധന സബ്‌സിഡിയായി അനുവദിക്കും. കേരള ബാങ്ക് വഴിയാണ് വായ്പ അനുവദിക്കുന്നത്.

 കൂടുതല്‍ വിവരവങ്ങള്‍ക്ക് : https://keralacobank.com/ ക്ലിക്ക് ചെയ്യുക

5% പലിശയ്ക്ക് രണ്ടു കോടി വരെ വായ്പ 

വന്‍കിട സംരംഭങ്ങള്‍ക്കായുള്ള പ്രവാസി ഭദ്രത മെഗാ (Special Assistance Scheme) സ്‌കീമിന്റെ നടത്തിപ്പ് കെഎസ്‌ഐഡിസിക്കാണ്. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപ വരെ വായ്പയായി അനുവദിക്കും.

8.25% മുതല്‍ 8.75% വരെ പലിശ. എന്നാല്‍, സംരംഭകന്‍ 5% പലിശ നല്‍കിയാല്‍ മതി. ബാക്കി 3.25% - 3.75% വരെ നോര്‍ക്ക റൂട്‌സ് സബ്‌സിഡിയാണ്. വിദേശത്തുനിന്നു മടങ്ങിയവര്‍ക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ക്കും സംരംഭം തുടങ്ങാന്‍ ഈ വായ്പ ലഭിക്കും.കെഎസ്‌ഐഡിസി അപേക്ഷ പരിഗണിച്ച ശേഷം സബ്‌സിഡിക്കായി നോര്‍ക്ക റൂട്‌സിന് ശുപാര്‍ശ ചെയ്യും. ഏതെങ്കിലും ഒരു സ്‌കീമില്‍നിന്ന് ഒരു വായ്പയേ അനുവദിക്കൂ. സ്‌കീമുകള്‍ക്കു കീഴില്‍ പുതിയ വായ്പകള്‍ മാത്രമേ അനുവദിക്കൂ. ടേക്ക് ഓവര്‍ സൗകര്യം ഉണ്ടായിരിക്കില്ല 

കൂടുതല്‍ വിവരവങ്ങള്‍ക്ക് :https://www.ksidc.org/projectfinancing/cms-special-assistance-scheme/ ക്ലിക്ക് ചെയ്യുക

ലേഖകന്‍ ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ജനറല്‍ മാനേജരായിരുന്ന അഡ്വ. ബി. പ്രസന്നകുമാര്‍ മലയാള മനോരമയ്ക്ക് നല്‍കിയ ലേഖനം 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.