- Trending Now:
കൊച്ചി: അഞ്ച് കോടിയ്ക്ക് മുകളിൽ നിക്ഷേപം നടത്തിയ 300 ഓളം സംരംഭകരിൽ നിന്നായി സംസ്ഥാനത്ത് 11537.40 കോടി രൂപയുടെ നിക്ഷേപം നടന്നുവെന്ന് വ്യവസായ-കയർ-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായവകുപ്പ് കൊച്ചിയിൽ നടത്തിയ തുടർനിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർനിക്ഷപക സംഗമത്തിൽ തെരഞ്ഞെടുത്ത 282 സംരംഭകരാണ് പങ്കെടുത്തത്. ഇതിൽ 30 സംരംഭങ്ങൾ 50 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തിയവയാണ്.
കൂടുതൽ സംരംഭങ്ങളെ ആകർഷിക്കുന്നതിന് വേണ്ടി താലൂക്ക് തലത്തിൽ ഇൻവസ്റ്റ്മൻറ് ഫെസിലിറ്റേഷൻ സെൻറർ തുടങ്ങും. ചുവപ്പുനാടകളിൽ കുരുങ്ങാതെ നിയമത്തിനകത്ത് നിന്നു കൊണ്ട് പ്രായോഗികമായി പ്രതിസന്ധികൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽമാനേജർമാർ നേരിട്ട് ഇതിൻറെ മേൽനോട്ടം വഹിക്കണം. ഓരോ സംരംഭത്തിൻറെയും നിർമ്മാണ പുരോഗതി ഫോട്ടോ സഹിതം ഓരോ മാസവും ഓൺലൈനായി അപ് ലോഡ് ചെയ്യണമെന്നും സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള വ്യവസായവകുപ്പിൻറെ ശ്രമങ്ങളുടെ ഭാഗമായി 2.60 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ചെറുകിട വ്യവസായത്തിൽ നിന്ന് മാത്രം 16,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചരലക്ഷം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു.
കിൻഫ്ര, കെഎസ്ഐഡിസി തുടങ്ങിയവയുടെ വ്യവസായപാർക്കുകളിൽ വിവിധ ഇളവുകൾ നൽകി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറ് കോടിയ്ക്ക് മുകളിലുള്ള സംരംഭമാണെങ്കിൽ പാട്ട തുകയുടെ 10 ശതമാനം തുടക്കത്തിൽ അടച്ചാൽ മതി. രണ്ട് വർഷം ലീസിൽ മോറൊട്ടോറിയത്തിനൊപ്പം ബാക്കി പാട്ടത്തുക ഒമ്പത് വർഷം കൊണ്ട് അടച്ച് തീർത്താൽ മതിയെന്ന സൗകര്യം ചെയ്തു. 50നും 100 കോടിയ്ക്കും ഇടയിലുള്ള സംരംഭമാണെങ്കിൽ പാട്ട തുകയുടെ 20 ശതമാനം ആദ്യവും രണ്ട് വർഷത്തെ മോറൊട്ടോറിയവും ബാക്കി തുക അഞ്ച് തവണയായി അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. 50 കോടിയ്ക്ക് താഴെയുള്ള സംരംഭങ്ങൾക്ക് ആദ്യ വർഷം 20 ശതമാനം പാട്ട തുകയും അഞ്ച് വർഷത്തെ നിശ്ചിത തവണകളായി തുകയടക്കാനുള്ള സൗകര്യവുമുണ്ടാകും. ബഹുനില നിർമ്മാണമോ, ലോജിസ്റ്റിക്സോ ആണെങ്കിൽ വ്യവസായ പാർക്കുകളിൽ സബ് ലീസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കാമ്പസ് വ്യവസായ പാർക്കുകൾക്ക് അഭൂതപൂർവമായ പ്രതികരണം ലഭിച്ചു. 80 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കാമ്പസ് വ്യവസായപാർക്കുകൾക്ക് അപേക്ഷിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ 27 വ്യവസായപാർക്കുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
കൊച്ചിയിൽ വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച തുടർ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവ് സംസാരിക്കുന്നു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ, കെഎസ്എസ്എസ്ഐഎ പ്രസിഡൻറ് എ നിസാറുദ്ദീൻ, ഫിക്കി കൊ-ചെയർ ദീപക് അസ്വാനി, സിഐഐ മുൻ ചെയർമാൻ നവാസ് മീരാൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി, വ്യവസായ-വാണിജ്യ വകുപ്പ് അഡി. ഡയറക്ടർ ഡോ. കൃപകുമാർ കെ എസ് തുടങ്ങിയവർ സമീപം
സംരംഭകരുടെ പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. ഇതുപയോഗിക്കുന്നതിന് സംരംഭകർക്ക് ആവശ്യമായ അവബോധം സൃഷടിക്കാൻ കെഎസ്എസ്ഐഎ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ രേഖകളും അടക്കം അപേക്ഷിച്ചാൽ സംരംഭങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ കോംപോസിറ്റ് ലൈസൻസ് നൽകും. 50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കിൽ അക്നോളഡ്ജ് സാക്ഷ്യപത്രത്തോടെ മൂന്നു വർഷം വരെ ലൈസൻസില്ലാത പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.
ആധുനിക മേഖലകൾ തുടങ്ങി പരമ്പരാഗത വ്യവസായത്തിൽ വരെ സംസ്ഥാനത്ത് നിക്ഷേപം എത്തിയിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. അനുകൂലമായ നിക്ഷേപ അവസരത്തെ ഉപയോഗപ്പെടുത്താൻ വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ താഴെത്തട്ടിലേക്കിറങ്ങണം. വ്യവസായത്തിനും നിക്ഷേപത്തിനും സൗഹാർദ്ദപരമായ സഹായം വ്യവസായവകുപ്പ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംരംഭങ്ങൾക്കായി 18 ധനസഹായമാണ് വ്യവസായവകുപ്പ് നൽകിവരുന്നതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ പറഞ്ഞു. സംരംഭങ്ങൾക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, സിഐഐ മുൻ ചെയർമാൻ നവാസ് മീരാൻ, ഫിക്കി കൊ-ചെയർ ദീപക് അസ്വാനി, കെഎസ്എസ്എസ്ഐഎ പ്രസിഡൻറ് എ നിസാറുദ്ദീൻ, കിൻഫ്ര എംഡി സന്തോഷ് കോശി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ, വ്യവസായ-വാണിജ്യ വകുപ്പ് അഡി. ഡയറക്ടർ ഡോ. കൃപകുമാർ കെ എസ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.