- Trending Now:
കൊച്ചി: സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ സർവീസിന് കൊച്ചിക്കായലിലെ പാലസ് വാട്ടർഡ്രോമിൽ തുടക്കമായി. സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. കനേഡിയൻ കമ്പനിയായ ഡിഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണ് സ്പൈസ് ജെറ്റിന്റെ സഹകരണത്തോടെ സീപ്ലെയിൻ സർവീസ് നടത്തുന്നത്.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി വകുപ്പ് സെക്രട്ടറിമാർ എന്നിവർ സീ പ്ലെയിനിൽ ഹ്രസ്വയാത്രയും നടത്തി.
സാമ്പത്തിക ഭേദങ്ങളില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച ഗതാഗത കണക്ടിവിറ്റിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സീപ്ലെയിൻ പദ്ധതി ജനകീയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ ഈ പദ്ധതി നടപ്പിൽ വരുത്താനാണ് സർക്കാരിന്റെ ശ്രമം. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, അത്യാധുനിക ദേശീയപാതാവികസനം, മലയോര ഹൈവേ, അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ വികസിക്കുകയാണ്. ഇതിനൊപ്പം സീപ്ലെയിൻ സർവീസ് കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിൽ, കുറഞ്ഞ ചെലവിൽ എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വികസനത്തിൽ കേരളം അതിവേഗം മുന്നോട്ടു കുതിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇതിൽ പ്രധാന സംഭാവന ടൂറിസം വ്യവസായത്തിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. കൊച്ചിയിൽ തന്നെ ലോകോത്തര ഹോട്ടൽ ശൃംഖലകളുടെ നാല് പ്രൊജക്ടുകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മേയർ എം അനിൽകുമാർ,സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജുപ്രഭാകർ, ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം അഡീഷണൽ ഡയറക്ടർ(ജനറൽ) പി വിഷ്ണുരാജ്, ഡിഹാവ് ലാൻഡ് ഏഷ്യാ-പസഫിക് മേഖലാ വൈസ്പ്രസിഡന്റ് യോഗേഷ് ഗാർഗ്, കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ടൂറിസം കേന്ദ്രങ്ങളടക്കമുള്ള വിദൂരപ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാൻ പദ്ധതി പ്രകാരം നിരക്കുകളിൽ ഇളവുകളുമുണ്ടാകും.
ഞായറാഴ്ച പകൽ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിംഗ് എന്നിവർ ക്രൂ അംഗങ്ങളാണ്. സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി. യാത്രാസമയത്തിലും ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താൻ ഇതിനാകും. ജലാശയങ്ങളുടെ നാടായ കേരളത്തിൽ സീപ്ലെയിൻ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, കുമരകം, മൂന്നാർ, പുന്നമട, ബോൾഗാട്ടി, മലമ്പുഴ ഡാം, കാസർകോട്ടെ ചന്ദ്രഗിരി പുഴ തുടങ്ങിയവ വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.