Sections

വെറും 5 ശതമാനം മാത്രം പലിശ; ലോണ്‍ മുഖ്യമന്ത്രി തരും ?

Saturday, Mar 05, 2022
Reported By admin
business

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-II പ്രകാരം ഒരു കോടി രൂപ വരെയാണ് 5% പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.

 

വെറും 5 ശതമാനം പലിശ നിരക്കില്‍ മുഖ്യമന്ത്രി പൊതുജനങ്ങളിലെ സംരംഭകര്‍ക്ക് അനുവദിച്ചു നല്‍കുന്ന ഒരു വായ്പ പദ്ധതിയുണ്ട്.2020 ജൂലൈ മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആണ്(കെഎഫ്‌സി)

തുടക്കത്തില്‍ 50 ലക്ഷം രൂപ വരെ 7% പലിശക്ക് ലഭ്യമാക്കാനായിരുന്നു തീരുമാനം. ഈ പദ്ധതി പിന്നീട് പരിഷ്‌കരിച്ച് കൂടുതല്‍ ജനകീയമാക്കി.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-II എന്നാണ് പുതിയ പദ്ധതിയുടെ പേര്.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-II പ്രകാരം ഒരു കോടി രൂപ വരെയാണ് 5% പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 10% ആണ് വാര്‍ഷിക പലിശ. ഇതില്‍ 3% സംസ്ഥാന സര്‍ക്കാരും 2% കെഎഫ്സിയും വഹിക്കും. അതുകൊണ്ടാണ് സംരംഭകര്‍ക്ക് 5% പലിശക്ക് വായ്പ ലഭ്യമാകുന്നത്.

ടേം ലോണ്‍, വര്‍ക്കിംഗ് കാപ്പിറ്റല്‍ ലോണ്‍ എന്നിവയില്‍ സംയുക്തമായോ പ്രത്യേകമായോ വായ്പ ലഭിക്കുന്നതാണ്.

ഒരു കോടി രൂപയില്‍ കൂടുതല്‍ വായ്പ ആവശ്യമായി വരുന്ന പദ്ധതികള്‍ക്ക് ഒരു കോടി രൂപ വരെ 5% പലിശയും അതിന് മുകളിലുള്ള തുകയ്ക്ക് സാധാരണ കെഎഫ്‌സി പലിശയും ഈടാക്കുന്നതായിരിക്കും എന്ന നേട്ടവും സംരംഭകര്‍ക്ക് ഉണ്ട്. വായ്പ ഒരു കോടി രൂപയില്‍ നിജപ്പെടുത്തില്ല.

അംഗീകൃത പദ്ധതി ചെലവിന്റെ 90% വരെ ടേം ലോണ്‍ ആയി ലഭിക്കുന്നതാണ്. ഇതില്‍ ഭൂമിയുടെ വില, പ്രവര്‍ത്തന മൂലധന വിഹിതം എന്നിവ പരിഗണിക്കില്ല.

പ്രവര്‍ത്തന മൂലധനം പരമാവധി 25% ആയി കണക്കാക്കി 80% വരെ പ്രവര്‍ത്തന മൂലധന വായ്പയായി അനുവദിക്കും.

കുറഞ്ഞ വായ്പാ തുക അഞ്ച് ലക്ഷവും സംരംഭകന്‍ മുടക്കേണ്ട ഏറ്റവും കുറഞ്ഞ വിഹിതം 10 ശതമാനവും ആയിരിക്കും.

പരമാവധി ഒരു വര്‍ഷത്തെ മോറട്ടോറിയം ലഭിക്കും. എന്നാല്‍ വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തില്‍ അധികരിക്കാനാവില്ല. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആവശ്യമായി വരുന്ന പദ്ധതികള്‍ പ്രത്യേകമായി പരിഗണിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും അര്‍ഹതയുണ്ട്. ഉല്‍പ്പാദനം, വാണിജ്യവല്‍ക്കരണം, ഉല്‍പ്പാദന തോത് ഉയര്‍ത്തല്‍ എന്നീ ഘട്ടങ്ങളില്‍ വായ്പ ലഭിക്കും. 5.60% പലിശ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കേണ്ടതായി വരും.നിലവിലുള്ള സ്ഥാപനങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവും. പുതിയ സംരംഭങ്ങളെയാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്.സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹത.ഉല്‍പ്പാദനം തുടങ്ങി 18 മാസം അധികരിക്കാത്ത സംരംഭങ്ങളെ പുതിയ എംഎസ്എംഇ യൂണിറ്റുകളായും അതിന് മുകളില്‍ വരുന്നവയെ നിലവിലുള്ള സംരംഭങ്ങളായും കണക്കാക്കും.നിലവിലുള്ള എംഎസ്എംഇകള്‍ക്ക് വികസനം / ആധുനികവല്‍ക്കരണം / വൈവിധ്യവല്‍ക്കരണം എന്നീ ആവശ്യങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.ബാര്‍ ഹോട്ടല്‍, മെറ്റല്‍ ക്രഷര്‍, സിനിമ, സീരിയല്‍, കച്ചവടം, ട്രാന്‍സ്‌പോര്‍ട്ട്, ഫിഷിംഗ്, ഫാമിംഗ്, റിയല്‍ എസ്റ്റേറ്റ്, എല്‍ഒസികള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.

പരിശീലനം

പുതു സംരംഭകര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്. അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലനമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. വായ്പ അനുവദിക്കുന്നതിന് ഇത് ഒരു മാനദണ്ഡമല്ല എങ്കിലും വായ്പ അനുവദിച്ചുകഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്. കെഎഫ്‌സി സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഏര്‍പ്പാടാക്കും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.