Sections

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കര്‍ഷകര്‍ക്കായി വായ്പ നല്‍കുന്നു 

Friday, Jul 29, 2022
Reported By MANU KILIMANOOR

ധനമന്ത്രിയുടെ 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാണ് പദ്ധതി

 

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി  പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയില്‍, 10 കോടി രൂപ വരെയുള്ള വായ്പകള്‍ 5% വാര്‍ഷിക പലിശയ്ക്ക് ലഭിക്കും. ബഹു. ധനമന്ത്രിയുടെ 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാണ് പദ്ധതി. 

കാര്‍ഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീര-മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം/ വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ഗോ-ഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കാര്‍ഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവക്കാണ് വായ്പ. വര്‍ഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ മുതലായവ ഉള്‍പ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും വായ്പ നല്‍കും.  

പദ്ധതി തുകയുടെ 90% വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ ഇളവ് സംസ്ഥാന സര്‍ക്കാറും 2% ഇളവ് കെഎഫ് സി യും വഹിക്കും. അങ്ങനെ സംരംഭകര്‍ 5% മാത്രം പലിശ അടച്ചാല്‍ മതി. രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വര്‍ഷമായിരിക്കും. 

സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാര്‍ഷികാധിഷ്ഠിതമായതിനാല്‍  മിക്ക സംരഭര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നു കെഎഫ്‌സി ചെയര്‍മാനും മാനേജിങ് ഡിറ്റക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ്  പറഞ്ഞു  

നിലവില്‍ വായ്പകളില്‍ കെഎഫ് സി പ്രോസസിംഗ് ഫീസില്‍ 50% ഇളവും  പ്രഖ്യാപിച്ചിട്ടുണ്ട്. കെഎഫ് സി യുടെ വെബ്സൈറ്റിയില്‍ ഓണ്‍ലൈന്‍ ആയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.