- Trending Now:
കൊച്ചി: കേരളത്തെ ഉത്സവാഘോഷങ്ങളുടെ നാടായി അടയാളപ്പെടുത്തുന്ന പവലിയൻ കേരള ട്രാവൽ മാർട്ടിലെ (കെടിഎം) പ്രധാന ആകർഷണമാകുന്നു. 'കേരള ഫെസ്റ്റിവെൽ ഡെസ്റ്റിനേഷൻ' എന്ന പ്രമേയത്തിൽ കേരളത്തിൻറെ സമ്പന്നമായ ഉത്സവാഘോഷങ്ങളെയും പാരമ്പര്യത്തെയും ചിത്രീകരിക്കുന്നതാണ് പവലിയൻ. കെടിഎമ്മിലെത്തുന്ന വിദേശ, ഇതര സംസ്ഥാന ബയേഴ്സിനെയും ആഭ്യന്തര പ്രതിനിധികളെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഈ പവലിയൻ. എക്സ്പോ ഉദ്ഘാടനത്തിനെത്തിയ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പവലിയൻ സന്ദർശിക്കുകയും നിർമ്മാണത്തെ അഭിനന്ദിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു.
'കേരള ഫെസ്റ്റിവെൽ ഡെസ്റ്റിനേഷൻ' എന്ന ആശയത്തിലൂടെ വ്യത്യസ്തങ്ങളായ ഉത്സവങ്ങളുടെയും ആചാരപ്പെരുമയുടെയും നാടായ കേരളത്തിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു. കേരള ടൂറിസത്തിൻറെ ഉത്പന്നങ്ങളിൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. കേരളത്തിലെ ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ആഘോഷങ്ങളും വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം നൽകുന്നതായിരിക്കുമെന്നും ടൂറിസം വകുപ്പ് വിലയിരുത്തുന്നു.
35 ചതുരശ്ര മീറ്റർ സ്ഥലത്താണ് 'കേരള ഫെസ്റ്റിവെൽ ഡെസ്റ്റിനേഷൻ' പവലിയൻ ഒരുക്കിയിട്ടുള്ളത്. അഞ്ചരയടി വലുപ്പത്തിലുള്ളതാണ് ആനകൾ. പൂരപ്പറമ്പിലെ എഴുന്നെള്ളിപ്പിനെ ഓർമ്മിപ്പിക്കുന്ന വിധം രണ്ട് കൂറ്റൻ ആനകളുടെ മാതൃകയാണ് അലങ്കരിച്ചൊരുക്കിയിരിക്കുന്നത്. നെറ്റിപ്പട്ടം കെട്ടി മുത്തുക്കുടയുടെയും ആലവട്ടത്തിൻറെയും വെഞ്ചാമരത്തിൻറെയും അകമ്പടിയോടെ നിൽക്കുന്ന ഗജരാജൻമാരുടെ തലയെടുപ്പ് കേരളീയ ഉത്സവാന്തരീക്ഷവും വിനോദസഞ്ചാര വൈവിധ്യവും എടുത്തു കാണിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെടിഎം പന്ത്രണ്ടാം പതിപ്പിൻറെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കവെൻഷൻ സെൻററിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. സർക്കാർ, സ്വകാര്യ ടൂറിസം സ്ഥാപനങ്ങളും ഉത്പന്നങ്ങളും ഉൾപ്പെടുന്ന 347 സ്റ്റാളുകളാണ് എക്സ്പോയിൽ ഉള്ളത്. സെപ്റ്റംബർ 29 വരെയാണ് കെടിഎം നടക്കുന്നത്. ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി എക്സ്പോ സന്ദർശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.