Sections

2028 ഓടെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പശുക്കൾക്കായുള്ള കേരള ഫീഡ്സിൻറെ സൗജന്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു

Wednesday, Oct 23, 2024
Reported By Admin
Kerala Feeds free insurance scheme for dairy farmers' cattle launched

ഇരിങ്ങാലക്കുട:ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്സ് നൽകുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച. അടുത്ത മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ബൃഹത്തായ പദ്ധതിയാണ് കേരളം ആവിഷ്കരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സർക്കാരിൻറെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ കെഎഫ്എൽ ആസ്ഥാനത്ത് ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്സ് (കെഎഫ്എൽ) നൽകുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കറവപ്പശുക്കളിൽ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള ഫീഡ് ആക്ട് ബില്ലിൽ നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒമ്പത് കർഷകർക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

കന്നുകാലി തീറ്റയുടെ പ്രധാന ഘടകമായതിനാൽ കേരളത്തിൽ ചോളം കൃഷി ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള ഫീഡ്സ് വൈവിധ്യവൽക്കരണ പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നപ്പാക്കുന്ന കെഎഫ്എല്ലിൻറെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിലെ അണക്കരയിൽ നടന്ന 'പടവ് 2024' സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ വച്ചാണ് ഇൻഷുറൻസ് പദ്ധതിക്കായി 250 ക്ഷീരകർഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

ക്ഷീരമേഖലയിൽ സമീപകാലത്ത് ഉണ്ടായ അഭൂതപൂർവ്വമായ വളർച്ചയെ ചൂണ്ടിക്കാട്ടി 2018-ലെയും 19-ലെയും വെള്ളപ്പൊക്കത്തിലെയും പിന്നീട് കോവിഡ് വേളയിലെയും കഠിനമായ സാഹചര്യങ്ങളെയും കെഎഫ്എല്ലിന് തരണം ചെയ്യാൻ സാധിച്ചുവെന്ന് കെഎഫ്എൽ ചെയർമാൻ കെ. ശ്രീകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം കേരള ഫീഡ്സിൻറെ വിറ്റുവരവ് 568 കോടി രൂപയും ലാഭം 100 കോടി രൂപയുമായിരുന്നെന്ന് റിപ്പോർട്ട് അവതരിപ്പിച്ച കെഎഫ്എൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. കേരള ഫീഡ്സിന് നിലവിൽ ആറ് ജില്ലകളിൽ ഫാക്ടറികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎഫ്എൽ അസിസ്റ്റൻറ് ജനറൽ മാനേജർ ഉഷ പത്മനാഭൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, ആർട്കോ മാനേജിങ് ഡയറക്ടർ മാത്യു സി.വി, തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്തംഗം ഓമന ജോർജ്ജ്, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.