- Trending Now:
കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത് ജീവിതം ഭദ്രമാക്കാന്‍ ഇനി വൈകേണ്ട.കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം വാര്‍ദ്ധക്യകാലത്ത് കര്‍ഷനെ സാമ്പത്തികമായി സുരക്ഷിതനാക്കുക എന്നത് തന്നെയാണ്.
ഡിസംബര്‍ 1-ാം തീയതിയാണ് കൃഷി മന്ത്രി ഓണ്‍ലൈന്‍ അംഗത്വത്തിനുള്ള സാഹചര്യം തുറന്നു കൊടുത്തത്.ക്ഷേമ നിധി ബോര്‍ഡില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് 60 വയസ്സ് പിന്നിടുമ്പോള്‍ 5000 രൂപ വരെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കും.
ഇന്ത്യയില്‍ തന്നെ ഇതാദ്യമായിട്ടാണ് കര്‍ഷകര്‍ക്ക് മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു ക്ഷേമ പദ്ധതി തയ്യാറാക്കുന്നത്.കുടുംബപെന്‍ഷന്‍,ആനാരോഗ്യ-പ്രസവ ആനുകൂല്യം,ചികിത്സ വിവാഹധനസഹായം,വിദ്യാഭ്യാസ ഒറ്റത്തവണ ആനുകൂല്യം എന്നിവയ്ക്ക് പുറമെ മരണാനന്തര ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിക്കും.
കൃഷിയോ അല്ലെങ്കില്‍ മൃഗസംരക്ഷണം,ക്ഷീരവികസനം,മത്സ്യകൃഷി,പട്ടുനൂല്‍പ്പുഴു കൃഷി,തേനീച്ച വളര്‍ത്തല്‍,അലങ്കാര മത്സ്യക്കൃഷി,കൂണ്‍ കൃഷി,കാടകൃഷി തുടങ്ങിയ ഏതെങ്കിലും കാര്‍ഷിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ക്ഷേമനിധിയില്‍ അംഗമാകാന്‍ സാധിക്കുന്നത്.
18 വയസ് പൂര്‍ത്തിയായ ഏതൊരു കര്‍ഷകരും ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാം.കേരള കര്‍ഷക ക്ഷേമ നിധി നിയമം നിലവില്‍ വന്ന 2019 ഡിസംബര്‍ 20ന് 56 വയസ് പൂര്‍ത്തിയായ കര്‍ഷകന് 65 വയസ്സു വരെ ക്ഷേമനിധിയില്‍ അംഗമാകുന്നതിന് അര്‍ഹത ഉണ്ടായിരിക്കും.
കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനുമായി രൂപീകരിച്ച കേരള കര്‍ഷക ക്ഷേമ നിധി ബോര്‍ഡില്‍ അംദമാകുന്ന ഒരോ കര്‍ഷകനും പ്രതിമാസം കുറഞ്ഞത് 100 രൂപ വീതം ക്ഷേമനിധിയിലേക്ക് അംശാാദായമായി നല്‍കണം.അംഗങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയര്‍ന്ന നിരക്കില്‍ അടയ്ക്കാം.ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ പരിധിയും നിശ്ചയിച്ചിട്ടില്ല.അംശാദായം വാര്‍ഷികമായോ,അര്‍ദ്ധ വാര്‍ഷികമോയോ ഒരുമിച്ച് അടയ്ക്കാം.
അംഗങ്ങള്‍ ക്ഷേമനിധിയിലേക്ക് അംശാദായമായി അടയ്ക്കുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാം 250 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ അംശാദായമായി നല്‍കും.
5 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശിക ഇല്ലാതെ 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്ന കര്‍ഷകന് ഒടുക്കിയ അംശാദായത്തിന്റെയും കാലയളവിന്റെയും ആനുപാതികമായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക പ്രതിമാസ പെന്‍ഷനായി ലഭിക്കും.
നിലവില്‍ 5000 രൂപ പ്രതിമാസ പെന്‍ഷനായി നല്‍കാനാണ് തീരുമാനം.എന്നാണോ 60 വയസ്സ് പൂര്‍ത്തീകരിക്കുന്നത് അതിന്റെ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കൂടാതെയും വിസ്തീര്‍ണമുള്ള ഭൂമി കൈവശം വച്ചിരിക്കുകയും 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷിയോ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളോ പ്രധാന ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ കവിയാത്തതുമായ ഏതൊരു വ്യക്തിക്കും കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ചേരാവുന്നതാണ്.എന്നാല്‍ റബ്ബര്‍,ഏലം,കാപ്പി,തേയില എന്നീ തോട്ടവിള കൃഷിയില്‍ ഏഴര ഏക്കറില്‍ കൂടുതല്‍ ഭൂമി ഏതെങ്കിലും വിധത്തില്‍ കൈവശം വയ്ക്കുന്നവര്‍ക്ക് അംഗമാകാന്‍ സാധിക്കില്ല.
ക്ഷേമനിധിയില്‍ കുറഞ്ഞത് 5 വര്‍ഷക്കാലം അംശാദായം അടയ്ക്കുകയും കുടിശ്ശില ഇല്ലാതെ തുടരുന്ന അംഗം മരിക്കുകയും ചെയ്താല്‍ അംഗത്തിന്റെ കുടുംബത്തിന് കുടുംബ പെന്‍ഷന്‍ ലഭിക്കും.അര്‍ഹതപ്പെട്ടവര്‍ക്ക് അനാരോഗ്യ ആനൂകൂല്യം അവശത-പ്രസവ ആനുകൂല്യം,വിവാഹധന സഹായം,വിദ്യാഭ്യാസ ധനസഹായം,ഒറ്റത്തവണ ആനുകൂല്യം,മരണാനന്തര ആനുകൂല്യം എന്നിവ ലഭിക്കും.
ഇനി എങ്ങനെയാണ് ക്ഷേമ നിധി ബോര്‍ഡില്‍ അപേക്ഷിക്കേണ്ടത് എന്ന് നോക്കിയാലോ ?
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ വെബ് പോര്‍ട്ടലിലൂടെയാണ് സളംളയ.kfwfb.kerala.gov.in അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്.അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കോ ഈസിയായി ഈ അംഗത്വം എടുക്കാന്‍ സാധിക്കും.
പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ കര്‍ഷകരുടെ മൊബൈല്‍ നമ്പര്‍ നല്‍കേണ്
തുണ്ട്.പിന്നീട് ഇതിലേക്ക് വരുന്ന ഒടിപി നല്‍കിയ ശേഷം ആധാര്‍ നമ്പറും അനുബന്ധ രേഖകളും സമര്‍പ്പിച്ച് അംഗത്വ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
പ്രധാനമായും കര്‍ഷകന്റെ പേര് മേല്‍വിലാസം,ഭൂമി സംബന്ധമായ വിവരങ്ങള്‍,വരുമാനം,കൃഷിയില്‍ നിന്ന് ലഭിക്കുന്ന ആദായം,കരമൊടുക്കിയ രസീത്,ആധാര്‍ കാര്‍ഡ്,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍,കുടുംബാംഗങ്ങളുടെ വിവരങ്ങള്‍,ബിസിനസ്,നോമിനി തുടങ്ങിയ വിവരങ്ങള്‍,സാക്ഷ്യപത്രം,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഇത്രയും കാര്യങ്ങളാണ് അംഗത്വ രജിസ്‌ട്രേഷനായി അത്യാവശ്യമായി വേണ്ടത്.
അപേക്ഷകള്‍ കൃഷി ഓഫീസര്‍ പരിശോധിച്ച് തീരുമാനമെടുക്കും.പരമാവധി 30 ദിവസത്തിനുള്ളില്‍ തന്നെ തീര്‍പ്പാക്കും.അപേക്ഷകള്‍ തിരിച്ചയയ്ക്കുകയോ നിരസിക്കുകയോ ചെയ്താല്‍ കര്‍ഷകര്‍ക്ക് ബോര്‍ഡിനെ സമീപിക്കാം.
സംശയങ്ങള്‍ക്ക് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ തൃശൂരുള്ള ഹെഡ് ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.ഫോണ്‍ നമ്പര്‍ 0487-2320500(പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.