Sections

മലയാളികൾക്ക് തൊഴിൽ കിട്ടുന്ന സംരംഭങ്ങൾക്കാണ് സർക്കാർ മുൻഗണന - പി രാജീവ്

Tuesday, Sep 03, 2024
Reported By Admin
Minister P. Rajeev's Address on Kerala's Industrial Future

കൊച്ചി: മലയാളികൾക്ക് തൊഴിൽ ലഭിക്കുന്ന സംരംഭങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയ്ക്കായുള്ള കേരള ഫുഡ്ടെക് കോൺക്ലേവ് 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൻകിട ഉത്പാദന വ്യവസായത്തിൽ കേരളത്തിന് അവസരങ്ങൾ ഇല്ലെന്ന യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പി രാജീവ് പറഞ്ഞു. നമ്മുടെ നാട്ടുകാർക്ക് പരമാവധി തൊഴിലവസരം നൽകുകയെന്നതാണ് സർക്കാരിൻറെ മുൻഗണന. അതിനാൽ തന്നെയാണ് ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയിൽ എംഎസ്എംഇകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്.

ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമന്നതാണ് സർക്കാരിൻറെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പ് സ്വയം പരിവർത്തനം ചെയ്തു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടു വന്നിട്ടുണ്ട്. ഇതെക്കുറിച്ച് സംരംഭകർക്കിടയിൽ അവബോധം ഉണ്ടാകണം.

എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. ഏത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും സംരംഭങ്ങൾക്ക് പദ്ധതിയിൽ ചേരാം. പ്രീമിയത്തിൻറെ പകുതി സർക്കാർ അടയ്ക്കുന്ന വിധത്തിലാണ് ഇതിൻറെ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങൾക്ക ആവശ്യമായ നൈപുണ്യ ശേഷിയുള്ള തൊഴിലാളികളാണ് ഇന്ന് ആവശ്യം. അതിനു വേണ്ടിയാണ് കാമ്പസ് വ്യവസായപാർക്കുകൾ ആരംഭിക്കാൻ പോകുന്നത്. ഇതിനു പുറമെ 27 സ്വകാര്യ വ്യവസായപാർക്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. സംരംഭക വർഷം പദ്ധതി പ്രകാരം 2,75,000 സംരംഭങ്ങളാണ് തുടങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിക്ഷേപക സംഗമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗൗരവമായാണ് സർക്കാർ കാണുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന നിക്ഷേപക സംഗമം കോടികളുടെ സ്ഥിതിവിവരക്കണക്കുകളേക്കാൾ പദ്ധതികൾ നടപ്പാക്കുമെന്നതിൻറെ ഉറപ്പായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സൂക്ഷ്മ ഭക്ഷ്യസംസ്ക്കര യൂണിറ്റുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ ലക്ഷ്യത്തിനപ്പുറത്തേക്ക് കേരളം പോയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2500 യൂണിറ്റുകളെന്നതിനപ്പുറം 2548 യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.

ഗുണമേയാണ് ഭക്ഷ്യസംസ്ക്കരണ സംരംഭങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. പ്രവാസികൾ വഴി ഏറ്റവുമധികം നിക്ഷേപ സാധ്യതയുള്ള മേഖലയാണിത്. സംരംഭങ്ങൾ തുടങ്ങാനും പ്രവാസികൾക്ക് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എംഇകൾക്ക് നൽകുന്ന വിവിധ പദ്ധതികളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും കെഎസ്ഐഡിസി എംഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു. കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ എംപിഇഡിഎ വൈസ് ചെയർമാനും ബേബി മറൈൻ ഇൻറർനാഷണൽ മാനേജിംഗ് പാർട്ണറുമായ അലക്സ് കെ നൈനാൻ തുടങ്ങിയർ സംസാരിച്ചു.

ഭക്ഷ്യസംസ്ക്കരണത്തിലെ സുസ്ഥിര ശീലങ്ങളും നൂതനത്വവും എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. ഏറ്റവുമധികം നൂതനത്വത്തിന് സാധ്യതയുള്ള മേഖലയാണ് ഭക്ഷ്യസംസ്ക്കരണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിഎഫ്ആർഎ ഡീൻ ഡോ. കോമൾ ചൗഹാൻ, വെള്ളാനിക്കര കൗൺസിൽ ഓഫ് അഗ്രികൾച്ചർ പ്രൊഫസർ ഡോ. കെ പി സൂധീർ, നീറ്റ ജെലാറ്റിൻ ഗവേഷണ വിഭാഗം മേധാവി ഡോ. അഭിലാഷ് പി കൈലാസ്, നാഷണൽ സ്മാൾ ഇൻഡസ്ട്രി കോർപറേഷൻ ലിമിറ്റഡ് കേരള ഹെഡ് ഗ്രേസ് റെജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ നന്ദി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.