Sections

കപ്പല്‍ സര്‍വീസുകളില്‍ വന്‍ കുറവ്, സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖല പ്രതിസന്ധിയില്‍

Friday, Jun 25, 2021
Reported By Ambu Senan
cargo ship from kerala

വേണ്ടത്ര കപ്പല്‍ സര്‍വീസുകളില്ല: സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖല പ്രതിസന്ധിയില്‍

യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പല്‍ സര്‍വീസുകളില്ലാത്തതിനാല്‍ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്തെ ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്.

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ ആഴ്ചയിലും 600-ലേറെ കണ്ടെയ്നറുകള്‍ കേരളത്തില്‍നിന്നുതന്നെ കയറ്റിയയ്ക്കാറുണ്ടായിരുന്നു. ഇതൊക്കെ ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. കാപ്പി, കശുവണ്ടി, കയര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാന്‍ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതല്‍ തുടങ്ങാനിരിക്കെ കപ്പല്‍ സര്‍വീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും.

കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതല്‍ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകള്‍ കാര്യമായി എത്തുന്നില്ല. യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പല്‍ സര്‍വീസുകള്‍ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് അടുത്തകാലത്ത് തടസ്സങ്ങളുണ്ടായത് അവിടേക്കുള്ള കയറ്റുമതിയെ ബാധിച്ചിരുന്നു. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസുകളെല്ലാം ചൈന വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈനയെ ബന്ധിപ്പിക്കുന്ന കപ്പല്‍ സര്‍വീസുകള്‍ വഴിമാറിയതോടെ വ്യാപാര രംഗത്തെ അത് ബാധിച്ചിട്ടുണ്ട്.

യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ മേഖലയിലേക്ക് സര്‍വീസ് നടത്തുന്നതിന് ഇന്ത്യന്‍ കപ്പലുകള്‍ തീരെയില്ല. ബഹുരാഷ്ട്ര കമ്പനികള്‍ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശക്കമ്പനികള്‍ കനിയാതെ ഇത്തരം കപ്പല്‍ സര്‍വീസുകള്‍ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല.

രാജ്യത്തേക്കുള്ള ഇറക്കുമതി 20 ശതമാനം വരെ കുറഞ്ഞതായാണ് കപ്പല്‍ ഗതാഗത രംഗത്തുനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇറക്കുമതി കുറഞ്ഞതും കപ്പലുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്.

കൊച്ചിയിലേക്ക് കപ്പലുകള്‍ എത്താത്തതിനാല്‍ കൊളംബോ വഴി കണ്ടെയ്നറുകള്‍ കയറ്റി അയയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, അവിടുത്തെ തിരക്ക് മൂലം അതും സാധ്യമാകുന്നില്ല. 

കൂടുതല്‍ ചരക്ക് പോകുന്ന യു.എസിലേക്കും യൂറോപ്പിലേക്കും കേരളത്തില്‍നിന്ന് എല്ലാ ആഴ്ചയിലും കപ്പല്‍ സര്‍വീസുകള്‍ വേണമെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്സ് ഫോറം ചെയര്‍മാന്‍ പ്രകാശ് അയ്യര്‍ ആവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.