Sections

വിദ്യാർഥികളിലെ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഇന്നൊവേഷൻ സെൻററുകളുടെ പങ്ക് പ്രധാനം: മന്ത്രി വി. ശിവൻകുട്ടി

Wednesday, Oct 23, 2024
Reported By Admin
Inauguration of Early Innovation Centers in Kerala schools by Minister V. Sivankutty

കെഎസ്യുഎം-എസ്എസ്കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേൾസ് സ്കൂളിൽ ആരംഭിച്ചു


കൊച്ചി: വിദ്യാർഥികളിൽ ശാസ്ത്രീയമായ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഇന്നൊവേഷൻ സെൻററുകൾ പ്രധാന പങ്ക് വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും (എസ്എസ്കെ) കേരള സ്റ്റാർട്ടപ് മിഷനു(കെഎസ്യുഎം)മായി ചേർന്ന് നടപ്പിലാക്കുന്ന സെൻറർ ഫോർ ഏർലി ഇന്നൊവേഷൻറെ(ടിങ്കറിംഗ് ലാബ്) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തിൽ 28 സ്കൂളുകളിലാണ് ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിൽ ആദ്യത്തെ ലാബ് ആണ് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേത്. ഈ അധ്യയന വർഷം 70 സ്കൂളുകളിൽ ലാബുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന ഇന്നൊവേഷൻ സെൻറർ ലാബുകൾ മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരിക്കുലത്തിലെ വിവിധ പഠന പ്രവർത്തനങ്ങളുമായി കോർത്തിണക്കി ശാസ്ത്രീയമായ രീതിയിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന കഴിവുകൾ കുട്ടികളിൽ വളർത്തുകയാണ് ലാബിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ സ്ഥാപനവുമായി ചേർന്ന് ടിങ്കറിംഗ് ലാബുകൾ സജ്ജമാക്കുന്നത്. ലോകബാങ്ക് ധനസഹായത്തോടെ സ്ട്രെങ്തനിംഗ് ടീച്ചിംഗ്-ലേണിംഗ് ആൻഡ് റിസൾട്ട് ഫോർ സ്റ്റേറ്റ്സി(എസ്ടിഎആർഎസ്)നു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ടിങ്കറിംഗ് ലാബ് അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനായി കെഎസ്യുഎം ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്നൊവേഷൻ സെൻററിൽ വിവിധ ശാസ്ത്ര പ്രോജക്ടുകളുടെ പ്രദർശനവും വിവരണവും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നു.

ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ.കെ പ്രദീപ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, കേരള സ്റ്റാർട്ടപ് മിഷൻ പ്രൊജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, സ്കൂൾ പ്രിൻസിപ്പൽ മിനി പി.ബി തുടങ്ങിയവർ സംസാരിച്ചു. എസ്എസ്കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഷൈൻ മോൻ എം.കെ സ്വാഗതവും എസ്എസ്കെ ജില്ല പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ബിനോയ് കെ ജോസഫ് നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.