- Trending Now:
കൊച്ചി: വൈവിദ്ധ്യം, തുല്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇൻറർനാഷണൽ ബിസിനസ് റിലേഷൻസ്സ് ക്വീർ ഡെസ്റ്റിനേഷൻസ് ഡയറക്ടറും മിഷൻ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകയുമായ റിക്കാ ജീൻ ഫ്രാങ്കോയ്സ് അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി എന്ന വിഷയത്തിൽ കേരള ട്രാവൽ മാർട്ടിൽ നടന്ന സെമിനാറിൽ സംസാരിക്കുകായിരുന്നു അവർ.
മാറുന്ന സാമൂഹ്യസാഹചര്യത്തിനനുസരിച്ച് ടൂറിസമടക്കം എല്ലാ മേഖലയിലും മാറ്റങ്ങൾ നടന്നു വരികയാണെന്ന് റിക്കാ ഫ്രാങ്കോയിസ് ചൂണ്ടിക്കാട്ടി. പുരോഗമന മന:സ്ഥിതിയുള്ള തലമുറയാണ് വളർന്നുവരുന്നത്. അവരുടെ സാമൂഹ്യബോധത്തിനനുസരിച്ച് ആതിഥേയ വ്യവസായത്തിലും മാറ്റങ്ങൾ വരണം. പ്രാദേശിക ജനതയുടെ പങ്കാളിത്തം ടൂറിസം വ്യവസായത്തിൽ ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ട്രാവൽ മേളകളിലെല്ലാം ആഹ്വാനമുയരുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ കേരളം ഈ ദിശയിൽ ഏറെ മുന്നോട്ടു പോയെന്നും അവർ ചൂണ്ടിക്കാട്ടി.
130 ബില്യൺ ഡോളറാണ് രാജ്യത്തെ വിവാഹമാർക്കറ്റെന്ന് റെയിൻ മേക്കർ വെഡിംഗിൻറെ ഡയറക്ടർ ജോയൽ ജോൺ പറഞ്ഞു. ഇൻറിമേറ്റ് വെഡിംഗ് വിഭാഗത്തിൽ കേരളത്തിന് സാധ്യതകൾ ഏറെയാണ്. രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണെങ്കിലും വിവാഹസൗഹൃദമായത് 15 ൽ താഴെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിവാഹ ഡെസ്റ്റിനേഷനുകൾ ചെലവേറിയതാകുന്നത് കേരളത്തിന് സാധ്യത വർധിപ്പിക്കുകയാണ്. ഇത് കേരള ടൂറിസത്തിൻറെ ഭാവിയിലേക്കുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിജീവനത്തിൻറെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽ നൂറ്റാണ്ടത്തെ മാറ്റമെന്ന് സിജിഎച് എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡൻറുമായ ജോസ് ഡൊമനിക് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ നൽകുന്ന മേഖല, ജിഡിപിയിലെ ഏറ്റവും വലിയ സംഭാവന എന്നിവയൊക്കെ ടൂറിസത്തിൽ നിന്നാണ്. സാധാരണത്വത്തിലെ അസാധാരണത്വമാണ് കേരള ടൂറിസത്തിൻറെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി എന്ന വിഷയത്തിൽ കേരള ട്രാവൽ മാർട്ടിൽ നടന്ന സെമിനാറിൽ സിജിഎച് എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ് ഡൊമനിക് സംസാരിക്കുന്നു. സെമിനാർ കമ്മിറ്റി വൈസ് ചെയർ പേഴ്സൺ നിർമ്മല ലില്ലി, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ്, മിഷൻ റെസ്പോൺസിബിൾ സ്ഥാപക റിക്കാ ജീൻ ഫ്രാങ്കോയിസ്, സോമതീരം ഗ്രൂപ്പ് സ്ഥാപകൻ ബേബി മാത്യു, റെയിൻ മേക്കർ വെഡിംഗ് ഡയറക്ടർ ജോയൽ ജോൺ എന്നിവർ.
പുതിയ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ തയ്യാറാകണമെന്ന് സോമതീരം ഗ്രൂപ്പിൻറെ സ്ഥാപകനും കെടിഎം മുൻ പ്രസിഡൻറുമായ ബേബി മാത്യു ചൂണ്ടിക്കാട്ടി. പ്രകൃതി, പ്രാദേശിക സംസ്ക്കാരം, സാമൂഹ്യ-സാമ്പത്തിക ഉന്നമനം എന്നിവ ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കണം. ടൂറിസം കേന്ദ്രങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കുറവ് മലിനീകരണവും ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതുമായ മേഖലയാണ് ടൂറിസമെന്ന് സെമിനാർ കമ്മിറ്റി ചെയർമാനും കെടിഎം മുൻ പ്രസിഡൻറുമായ റിയാസ് അഹമ്മദ് ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ കാലാനുസൃതമയ ഭേദഗതികൾ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ടൂറിസത്തിലെ പിപിപി മാതൃക രാജ്യത്തിന് തന്നെ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി വൈസ് ചെയർപേഴ്സൺ നിർമ്മല ലില്ലി തുടങ്ങിയവരും പങ്കെടുത്തു. സെമിനാറിനു ശേഷം ചോദ്യോത്തര വേളയും സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.