- Trending Now:
സഹകരണ മേഖലയിൽ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ തകർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളസമൂഹത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകർത്താൽ മാത്രമേ കേരളത്തിൽ നിലനിൽക്കുന്ന ഐക്യവും സമാധാനവും തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടുമെല്ലാം ഇല്ലാതാക്കാൻ കഴിയൂവെന്ന് ചില ഛിദ്രശക്തികൾക്കറിയാം. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ വലിയ തോതിലുള്ള ആക്രമണം നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെയും പുരോഗമന പ്രസ്ഥാനങ്ങളെയും ഒന്നാകെ തകർത്തുകളയാമെന്ന് കരുതി ചിലർ മുന്നിട്ടിറങ്ങുന്നുണ്ട്. അതിനെതിരായ ചെറുത്തുനിൽപ്പും മറുപടിയുമാകണം മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പോലെയുള്ള ജനകീയ സ്ഥാപനങ്ങളുടെ പ്രവർത്തനം - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള അവിശുദ്ധ കാര്യങ്ങൾ ഉണ്ടായാൽ അതിനെതിരെ തുടർന്നും കർശന നടപടിയുണ്ടാകും. വിശ്വാസ്യതയാണ് എക്കാലവും ഈ മേഖലയെ വളർത്തിയിട്ടുള്ളത്. ഇതിൽ സഹകാരികളുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനം ഏറെ സഹായകരമായിട്ടുണ്ട്.
സഹകരണ സ്ഥാപനത്തിൽ നിക്ഷേപിക്കുമ്പോൾ നമ്മൾ സമൂഹത്തെ സഹായിക്കുക കൂടെയാണ് ചെയ്യുന്നത്. വായ്പ നൽകുന്നതിന്റെ പരിധിയിൽ നിന്നുകൊണ്ട് കൂടുതൽ തുക വായ്പയായി നൽകുന്ന സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. വായ്പ നൽകൽ മാത്രമല്ല ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങൾ വഴി നടപ്പിലാക്കുന്നുണ്ട്.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചാണ് ഓരോ സഹകരണ ബാങ്കും പ്രവർത്തിക്കുന്നത്. ക്രഡിറ്റ് സംഘങ്ങൾക്ക് മാതൃകാപരമായ ഇടപെടൽ നടത്താൻ കഴിഞ്ഞതിന്റെ ഭാഗമായാണ് കേരള ബാങ്ക് രൂപീകൃതമായത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി കേരള ബാങ്ക് മാറിയിരിക്കുന്നു. എല്ലാ സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിന്റെ ഭാഗമായാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത് കൂടുതൽ ശക്തി പ്പെടും.
കേരളത്തിലെ സഹകരണ മേഖലയിൽ രണ്ടര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഈ സഹകരണ സ്ഥാപനങ്ങളെ തകർത്തുകൊണ്ട് ഈ പണമെല്ലാം വാണിജ്യ ബാങ്കുകളുടെ കൈകളിലെത്തിച്ചാൽ അവ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം നൽകാനാകുമെന്ന ചിലരുടെ കുത്സിത ചിന്ത കൂടിയാണ് സഹകരണ സ്ഥാപനങ്ങൾക്കെതിരായ പ്രചാരണത്തിനു പിന്നിൽ. കഴിഞ്ഞ പത്തു വർഷംകൊണ്ട് 15 ലക്ഷത്തോളം കോടി രൂപയാണ് കോർപ്പറേറ്റുകളുടെ വായ്പാ ഇനത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. ഈ പണം ഈടാക്കാൻ പല തരത്തിലുള്ള ചാർജ്ജുകൾ സാധാരണക്കാർക്കു മേൽ അടിച്ചേൽപ്പിക്കുകയാണ്.
കോർപ്പറേറ്റുകൾക്ക് സാധാരണക്കാരന്റെ പണം യഥേഷ്ടം നൽകാനുള്ള ഉപാധിയായിക്കൂടിയാണ് സഹകരണ മേഖലയെ തകർക്കാനുള്ള പ്രവർത്തനങ്ങൾ ചിലർ ഏറ്റെടുക്കുന്നത്.
ഈ മാതൃക നേരത്തെ തന്നെ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടതാണ്. . മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ കൂണുകൾ പോലെ മുളച്ചുപൊങ്ങുകയും അവ സാധാരണക്കാരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഇതുകൂടാതെയാണ് ന്യൂ ജനറേഷൻ ബാങ്കുകൾ നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും ദേശസാത്ക്കൃത ബാങ്കുകകളിൽ നടക്കുന്ന വായ്പാ തട്ടിപ്പും. ഇവയ്ക്കൊന്നുമെതിരെ അന്വേഷണങ്ങൾ ഉണ്ടാകുന്നില്ല.
കേരളത്തിൽ നിലവിലുള്ള 16,000 ത്തിലധികം സഹകരണ സ്ഥാപനങ്ങളിൽ ഒന്നോ രണ്ടോയിടത്ത് നടന്ന ക്രമക്കേടുകളെ വലിയ സംഭവമാക്കി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് അതു സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ കൈവിടുകയല്ല, കൈപിടിച്ചുയർത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് മോണിംഗ് ആന്റ ഇവനിംഗ് ശാഖയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി എം ശശി, മുൻ മന്ത്രി എസ് ശർമ്മ, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് എം എം മോനായി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം കെ ബാബു, ബാങ്ക് വൈസ് പ്രസിഡന്റ് സി ജി വേണുഗോപാൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.