Sections

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോൺഫ്ളുവൻസ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

Tuesday, Nov 05, 2024
Reported By Admin
Confluence 2024 Kerala's Largest Industry-Education Summit Kochi

ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, ഗൂഗിളിലെ ദിലീപ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും


കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോൺഫ്ളുവൻസ്-2024 നവംബർ ആറിന് കൊച്ചിയിൽ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ആശയങ്ങൾ കൈമാറുന്നതിനും വിജ്ഞാന വ്യവസായത്തിലെ സുപ്രധാന മാറ്റങ്ങളും പുതിയ കാലത്തെ ജോലികളുടെ ആവിർഭാവവും ചർച്ച ചെയ്യുന്നതിനും സമ്മേളനം വേദിയൊരുക്കും. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ആർഎസ്ഇടി) ആണ് സമ്മേളനത്തിന് വേദിയാകുക.

കേരളത്തിലെ 250-ലധികം ഐടി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസും (ജിടെക്) ആർഎസ്ഇടിയും ചേർന്നാണ് 'പ്രതിഭകളുടെ ഭാവി' (ഫ്യൂച്ചർ ഓഫ് ടാലന്റ്) എന്ന പ്രമേയത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി പങ്കെടുക്കും. സമാപന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ സംബന്ധിക്കും.

പ്രൊഫഷണലുകൾ, അക്കാദമിഷ്യൻമാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 2,500-ലധികം പ്രതിനിധികൾ സമ്മേളനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ആശയങ്ങൾ കൈമാറുന്നതിനും പങ്കാളിത്ത സാധ്യതകൾക്കുമുള്ള വേദിയായി സമ്മേളനം മാറും. ചർച്ചയുടെ അടിസ്ഥാനത്തിൽ സർക്കാരിന് സമർപ്പിക്കുന്നതിനായി സംഘാടകർ ധവളപത്രം കൊണ്ടുവരും.

ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, ഗൂഗിൾ ഡീപ് മൈൻഡ് ഡയറക്ടർ ദിലീപ് ജോർജ് എന്നിവർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. മാത്യു കുഴൽനാടൻ എം എൽ എ, ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ സി ബാലഗോപാൽ, ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ്, ഐബിഎസ് സോഫ്റ്റ്വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.

സാങ്കേതിക ശിൽപശാലകൾ, സ്റ്റാർട്ടപ്പ് എക്സ്പോ, ഗവേഷണ പ്രവർത്തനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനം, പിഎച്ച്ഡി കോൺക്ലേവ്, റിസർച്ച് പോസ്റ്റർ പ്രദർശനം തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഇൻഫോപാർക്ക്, സ്മാർട്ട്സിറ്റി, ടെക്നോപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം), ഐഇഇഇ ഇന്ത്യ കൗൺസിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവരാണ് പരിപാടിയുടെ സഹ സംഘാടകർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.