Sections

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്രം സജീവ ഇടപെടല്‍ നടത്തണം: മുഖ്യമന്ത്രി

Monday, Sep 05, 2022
Reported By admin
cm

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണ മനോഭാവം കൊണ്ടാണ്


കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം സജീവ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍കറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. പക്ഷേ, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. ഇതാണ് ആരോഗ്യകരമായ ഫെഡറല്‍ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിര്‍മാണതലങ്ങളെക്കുറിച്ചു ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലുമുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി സോണല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 263 പ്രകാരം ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തെങ്കിലും ഒരു വിജ്ഞാപനത്തിലൂടെ അതു യാഥാര്‍ഥ്യമാക്കാന്‍ 40 വര്‍ഷമെടുത്തു.

സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുന്നതില്‍ സൗണല്‍ കൗണ്‍സിലുകള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നു മുഖ്യമന്ത്രി പഞ്ഞു. പ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയെന്നത് പ്രധാന പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാലാണു നടക്കുന്നത്. അധികാര ഘടനയില്‍ സര്‍ക്കാരിന്റെ ഓരോ ഘടനയ്ക്കും അതിന്റേതായ അധികാരപരിധിയുണ്ട്. ഇവയ്ക്കിടയില്‍ ഉയര്‍ന്നുവരാനിടയുള്ള അഭിപ്രായ വൈരുദ്ധങ്ങളെ ഇല്ലാതാക്കുന്നതിന് പരസ്പര സഹകരണവും കൂടിയാലോചനയും സഹായിക്കും.

സാംസ്‌കാരിക, മത, ഭാഷാ വൈവിധ്യങ്ങള്‍ക്കിടയിലും നമുക്കുള്ള ഏകത്വത്തിന്റെ ഫലമാണത്. ഓരോ സംസ്ഥാനങ്ങളുടേയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവയ്ക്കുകയും പഠിക്കുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായവിധം അവയെ രൂപപ്പെടുത്തുകയുമാണ് വേണ്ടത്.

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണമനോഭാവംകൊണ്ടാണ്. ഭിന്നതകള്‍ മറന്ന്, ജനങ്ങളുടെ സംരക്ഷണമെന്ന കാലഘട്ടത്തിന്റെ ആവശ്യത്തിലേക്ക് എല്ലാവരും ഉയര്‍ന്നു. കോവിഡ് മഹാമാരി സമ്പദ് ഘടനയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തികശാക്തീകരണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.