- Trending Now:
കൊല്ലം: 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം. ഇത്രയും കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാൽ മാത്രം മതി. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവയെല്ലാം കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയിലൂടെ ലഭ്യമാക്കും. വളർത്തുക, വിൽക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ സംരംഭകർ ചെയ്യേണ്ടതുള്ളു.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ മിഷൻ വഴി സംസ്ഥാനമാകെ കേരള ചിക്കൻ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതൽ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണു നടപ്പാക്കുന്നത്. മിതമായ നിരക്കിന് പുറമെ, ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, അന്യ സ്രോതസ്സുകളെ ആശ്രയിക്കാതെ സ്വയംപ്രാപ്തി നേടുക എന്നീ ഉദ്ദേശങ്ങളോടെയുമാണ് പദ്ധതി വിഭാവന ചെയ്തത്.
കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ പദ്ധതിയിൽ ചേരാം. വ്യക്തിഗതമായോ ഒരേ സിഡിഎസിനു കീഴിലുള്ള നാല് പേരടങ്ങുന്ന സംഘമായോ ഫാം നടത്താം. സി.ഡിഎസ് വഴിയാണു അപേക്ഷ നൽകേണ്ടത്. ഫാം പുതിയതായി ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിൽ ഫാം നടത്തുന്നവർക്കും അപേക്ഷിക്കാം.
നിലവിൽ ജില്ലയിൽ 13 ഔട്ലറ്റുകളും 40 ഫാമുകളും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ കേരള ചിക്കൻ ഔട്ലെറ്റുകൾ വിറ്റത്, 645264.3 കിലോ ചിക്കൻ. ഇതുവഴി കുടുംബശ്രീ കേരള ചിക്കൻ കമ്പനിക്ക് ലഭിച്ച വരുമാനം 6.4കോടി. ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്ക് ലാഭ വിഹിതമായി ഒരുകോടിയിലധികം രൂപയും ലഭിച്ചു. പദ്ധതിയിലുൾപ്പെട്ട കോഴിവളർത്തൽ കർഷകർക്ക് വളർത്ത് കൂലി ഇനത്തിൽ ലഭിച്ചത് 89 ലക്ഷം രൂപയാണ്. പ്രവർത്തി ദിനങ്ങളിൽ 3000കിലോ കോഴിയിറച്ചി വിറ്റഴിയുമ്പോൾ അവധി ദിനങ്ങളിൽ ശരാശരി 50006000 കിലോ വരെ വിറ്റുപോകുന്നു. ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കാത്തതിനാൽ വിപണിയിൽ കേരള ചിക്കന് ആവശ്യക്കാർ ഏറെയാണ്.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്നരീതിയിൽ 1000 മുതൽ 10000 കോഴികളെ വരെ വളർത്താവുന്ന ഫാം ആണു വേണ്ടത്. ഫാം തുടങ്ങാൻ കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയിൽനിന്നു വായ്പ ലഭിക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന ഫാം പദ്ധതിക്കു കേരള ചിക്കൻ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നൽകേണ്ടതില്ല.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാപ്രവർത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റിഡാണ്. കർഷകർക്ക് വളർത്തു കൂലി നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 45ദിവസത്തേക്ക്, തീറ്റയും, മരുന്നും കർഷകർക്ക് കുടുംബശ്രീ സൗജന്യമായി നൽകിയാണ് വളർത്തുന്നത്. വളർച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ലറ്റുകൾ വഴി വില്പന നടത്തുകയും ചെയ്യും.
പൊതുമാർക്കറ്റിനേക്കാൾ ശരാശരി 10രൂപ വരെ കുറച്ചാണ് വിൽപ്പന. ഓരോദിവസത്തെയും വില സ്വകാര്യമാർക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കുകയാണ് പതിവെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ പറഞ്ഞു
കുടുംബശ്രീ കേരള ചിക്കൻ നാട്ടിൽ സ്വീകര്യമായത്തോടെ ജില്ലയിൽ സ്വകാര്യ സംരംഭകർ കേരള ചിക്കൻ ബ്രാൻഡ് നെയിം ദുരുപയോഗിക്കുന്നതായി പരാതിയുണ്ട്. കേരള ചിക്കൻ എന്ന പേരിൽ നൂറുകണക്കിന് സ്വകാര്യഔട്ലറ്റുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഗുണമേൻമയേറിയ ചിക്കനാണെന്ന് കരുതി ഉപഭോക്താക്കൾ ഈ കെണിയിൽ അകപ്പെടുന്നതായി കുടുംബശ്രീഅധികൃതർപറഞ്ഞു.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.