Sections

ആരോഗ്യ വകുപ്പിൽ 570 പുതിയ തസ്തികകൾ സൃഷ്ടിച്ചു

Thursday, Jan 16, 2025
Reported By Admin
Kerala Cabinet Approves 570 New Posts for Family Health Centers

  • കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക ലക്ഷ്യം

നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിന് 570 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. അസിസ്റ്റന്റ് സർജൻ - 35, നഴ്സിംഗ് ഓഫീസർ ഗ്രേഡ് II 150, ഫാർമസിസ്റ്റ് ഗ്രേഡ് II 250, ലാബ് ടെക്നീഷ്യൻ ഗ്രേഡ് II - 135 എന്നിങ്ങനെയാണിത്. നിയമന നടപടികൾ പൂർത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകൾ സൃഷ്ടിക്കും.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം കാരണമാണ് ഇത്രയും തസ്തികകൾ ഒന്നിച്ച് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രാഥമിക തലത്തിൽ തന്നെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സർക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുകയും മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു. 3 മെഡിക്കൽ ഓഫീസർ, 4 സ്റ്റാഫ് നഴ്സ്, 2 ഫാർമസിസ്റ്റ്, 1 ലാബ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുക. ഒന്നും രണ്ടും ഘട്ടമായി സൃഷ്ടിച്ച തസ്തികൾക്ക് പുറമേയാണ് നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി തസ്തികകൾ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി വരുന്നത്. രാവിലെ 9 മണിമുതൽ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ ബോധവത്ക്കരണത്തിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 133 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.