- Trending Now:
കൊച്ചി: ജനുവരിയിൽ നടക്കാൻ പോകുന്ന ആഗോള നിക്ഷേപക സംഗമത്തിൽ അനിമേഷൻ വിഷ്വൽ ഇഫക്ട്സ് ഗെയിമിംഗ് കോമിക്സ് എക്സ്റ്റൻഡഡ് റിയാലിറ്റി വിഭാഗത്തിനെ പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻഫോപാർക്കിൽ ആരംഭിച്ച എവിജിസി എക്സർ (എവിജിസി-എക്സ് ആർ) അരീന സന്ദർശിക്കവെ വിവിധ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരിൻറെ എവിജിസി-എക്സ് ആർ പോളിസിയുടെ ചുവടുപിച്ച് ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് മാത്രമായി കോ-വർക്കിംഗ് സ്പേസ് ആദ്യമായി ആരംഭിച്ചത് ഇൻഫോപാർക്കിലാണ്.
ആഗോളനിലവാരത്തിലുള്ള മലയാളി പ്രതിഭകളാണ് ഇന്ന് ലോകത്തെ മുൻനിര അനിമേഷൻ മേഖലയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. എവിജിസി-എക്സ് ആർ മേഖല കേരളത്തിൽ സജീവമാകുന്നതോടെ ഈ പ്രതിഭകൾ നമ്മുടെ നാട്ടിലേക്ക് തിരികെയെത്തും. കൂടുതൽ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ആഗോള നിക്ഷേപക സംഗമത്തിൽ എവിജിസി-എക്സ് ആറിനെ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനികൾ ഫിലിം സിറ്റി തുടങ്ങാനായിട്ടുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ഫിലിം സിറ്റികളിൽ അനിമേഷന് പ്രത്യേക പ്രാധാന്യമുണ്ടാകും. എവിജിസി- എക്സ് ആർ മേഖലയിൽ വലിയ അവസരങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എവിജിസി-എക്സ് ആറിന് വേണ്ടി മാത്രമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സംവിധാനമാണ് ഇൻഫോപാർക്കിലേതെന്ന് സിഇഒ സുശാന്ത് കുറുന്തിൽ ചൂണ്ടിക്കാട്ടി. എവിജിസി-എക്സ് ആറിലെ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം സംവിധാനം ഉണ്ടാകുന്ന രീതിയിലേക്ക് വളർച്ച നേടാൻ ശ്രമിക്കും. എവിജിസി-എക്സ് ആർ വ്യവസായം ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇൻഫോപാർക്ക് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
2032 ആകുമ്പോഴേക്കും നിലവിലുള്ള 2,60,000 തൊഴിലവസരങ്ങളിൽ നിന്ന് 2.6 ബില്യൺ തൊഴിലവസരങ്ങളുള്ള മേഖലയായി എവിജിസി-എക്സ് ആർ മാറുമെന്ന് സൊസൈറ്റി ഓഫ് എവിജിസി-എക്സ് ആർ ഇൻസ്റ്റിറ്റിയൂഷൻസ് ഇൻ കേരള (സൈക്ക്) സെക്രട്ടറി ശരത് ഭൂഷൺ പറഞ്ഞു. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ ഈ രംഗത്തുനിന്നുള്ള വരുമാനം നിലവിലുള്ള മൂന്ന് ബില്യൺ ഡോളറിൽ നിന്നും 26 ബില്യൺ ഡോളർ ആയി മാറും എന്നാണ് അനുമാനം. വരുന്ന രണ്ട് വർഷം ഈ മേഖലയിൽ വേണ്ട പിന്തുണ നൽകിയാൽ ഈ വിപണിയുടെ അഞ്ച് മുതൽ 10% വരെ കേരളത്തിന് നേടാമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്കിലെ എവിജിസി-എക്സ് ആർ അരീന സന്ദർശിച്ച വ്യവസായ മന്ത്രി പി രാജീവ് വിവിധ അനിമേഷൻ കമ്പനികളുടെ പ്രതിനിധികളുമായി സംസാരിക്കുന്നു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ സമീപം.
എവിജിസി-എക്സ് ആർ ഉള്ളടക്കത്തിൽ നിലവിൽ തന്നെ നൂറിലധികം സ്റ്റുഡിയോകൾ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ബോളിവുഡിലും ഹോളിവുഡിലും പ്രവർത്തിക്കുന്ന കമ്പനികൾ ഇന്ന് കേരളത്തിൽ നിന്നുണ്ട്.
രാജ്യത്തെ എവിജിസി-എക്സ് ആർ വിപ്ലവത്തിൽ സുപ്രധാന ഭാഗഭാക്കാകാനാണ് കേരളത്തിൻറെ ശ്രമമെന്ന് മന്ത്രി രാജീവ് പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വരുമാന വർദ്ധനവിലും സംസ്ഥാനത്തിൻറെ ആകെ വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിലും ഈ മേഖല ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. മികച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ രാജ്യത്തെ എവിജിസി-എക്സ് ആർ ഹബ്ബായി മാറാൻ കേരളം ഊർജ്ജിതമായി ശ്രമിക്കുകയാണ്. എവിജിസി-എക്സ് ആർ സ്റ്റാർട്ടപ്പുകളും പരിചയസമ്പന്നരായ പ്രഫഷണലുകളും കേരളത്തിൽ ഉണ്ടെന്നത് മുതൽക്കൂട്ടാണ്.
രാജ്യത്തെ ഗെയിമിംഗ് മേഖല നിലവിൽ മൂന്ന് ബില്യൺ ഡോളറിൻറെ വിപണിയാണ്. 568 ദശലക്ഷം വരിക്കാരാണ് ഈ മേഖലയിലുള്ളത്. വർദ്ധിച്ചുവരുന്ന ഈ ആവശ്യം ഉപയോഗപ്പെടുത്തി കേരളത്തിലെ എവിജിസി-എക്സ് ആർ മേഖല മികച്ച വളർച്ച നേടുകയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻറെ പൊതുവളർച്ചയ്ക്ക് മികച്ച സഹായം നൽകുകയുമാണ് ചെയ്യുന്നത് . വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലെ എവിജിസി-എക്സ് ആർ ഉപയോഗം മികച്ച അവസരങ്ങളാണ് നൽകുന്നത്. രാജ്യത്തെ ഡിജിറ്റൽ കണ്ടെൻറിൻറെ നേതൃസ്ഥാനത്ത് എത്താൻ ഇത്തരം ഉദ്യമങ്ങൾ കേരളത്തെ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.