Sections

കേരളത്തിന്റെ പുതിയ വ്യവസായ നയം പ്രഖ്യാപിച്ച് മന്ത്രി പി രാജീവ് 

Wednesday, Mar 29, 2023
Reported By admin
kerala

22 മുൻഗണന മേഖലകളിലാകും നയം സംസ്ഥാനത്തെ നിക്ഷേപ വ്യവസായ പ്രോത്സാഹനം നൽകുക


കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതി തുടർന്ന് കൊണ്ട് പോകും. സ്റ്റാർട്ടപ്പുകളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് സബ്സിഡി അടക്കം പ്രത്യേക ശ്രദ്ധ നൽകും. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ വ്യവസായ നയം പ്രഖ്യാപിച്ചു കൊണ്ട് വ്യവസായ മന്ത്രി പി രാജീവ് തിരുവനന്തപുരത്തു അറിയിച്ചതാണിക്കാര്യം.

സ്റ്റാർട്ടപ്പുകൾക്കുള്ള സ്കൈലിംഗ് ആനുകൂല്യമായി കെ എസ് ഐ ഡി സി വഴി പരമാവധി ഒരു കോടി രൂപ വരെ സ്കെയിലിംഗ് ഇൻസെന്റീവ് നൽകും. സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നേടിയെടുക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകും. സ്റ്റാർട്ടപ്പുകൾക്കു നിലവിൽ ലഭിക്കുന്ന കേന്ദ്രസർക്കാർ സഹായമായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് PLI യുടെ ഒപ്പം സ്റ്റേറ്റ് സ്കൈലിംഗ് ആയി പരമാവധി ഒരു കോടി രൂപ വരെ സബ്സിഡി ഉറപ്പാക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള മുഖ്യമന്ത്രിയുടെ വായ്പാ സ്കീം പരിധി നിലവിലെ രണ്ടു കോടിയിൽ നിന്ന് അഞ്ചു കോടിയായി ഉയർത്തും. ഇതിന്റെ പലിശ 5 % ആയി നിജപ്പെടുത്തും.

കെ എസ് ഐ ഡി സി ആകും വ്യവസായ നയത്തിന്റെ നടപ്പാക്കൽ ഏജൻസി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി - ഇൻവെസ്റ്റ്മെന്റ്- സുമൻ ബില്ലയുടെ ഏകോപനത്തിൽ KSIDC എം ഡി യുടെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടാകും. സംരംഭകത്വ പ്രോത്സാഹനം, അടിസ്ഥാന സാഹചര്യമൊരുക്കൽ, ഹൈ ടെക്ക് സാങ്കേതിക വിദ്യ തുടങ്ങിയ 7 സുപ്രധാന നയമേഖലകളെ കേന്ദ്രീകരിച്ചാകും ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റിൽ ഊന്നിയ വ്യവസായ നയം പ്രവർത്തിക്കുക. 22 മുൻഗണന മേഖലകളിലാകും നയം സംസ്ഥാനത്തെ നിക്ഷേപ വ്യവസായ പ്രോത്സാഹനം നൽകുക.

ഡിഫെൻസ് ആൻഡ് ഏറോസ്പേസ് , AI , ആയുർവേദ, ബയോടെക്നോളജി, ഡിസൈനിങ്, വൈദ്യുത വാഹന നിർമാണം, ഇലക്ട്രിക് സിസ്റ്റം ഡിസൈനിങ് ആൻഡ് മാനുഫാക്ച്ചറിങ്, എഞ്ചിനീയറിംഗ് ഗവേഷണം, ഗ്രാഫീൻ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജം, ഫാർമസ്യൂട്ടിക്കൽസ്, ആതിഥേയത്വ ടൂറിസം, റീറ്റെയ്ൽ കോമേഴ്സ് സെക്ടർ പിന്നെ റീസൈസൈക്ലിങ് ആൻഡ് മാലിന്യ സംസ്കരണം എന്നിവയാണ് അവ.

''റീസൈക്ലിങും മാലിന്യ സംസ്കരണവും ഒരു വ്യവസായ മേഖലയായി തന്നെ കണ്ടു സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഇത്തവണ വമ്പൻ നിക്ഷേപങ്ങളെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള നിക്ഷേപങ്ങൾക്ക് പിന്തുണയും സബ്സിഡിയും ഉറപ്പാക്കും'' മന്ത്രി കൂട്ടിച്ചേർത്തു.

തൊഴിൽ ദാതാക്കളായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നയത്തിൽ വ്യവസ്ഥയുണ്ട്. ഓരോ സംരംഭങ്ങളും നൽകുന്ന നിർദ്ദിഷ്ട തൊഴിൽ എണ്ണത്തിന് അധികമായി നൽകുന്ന സ്ഥിര തൊഴിൽ നിയമനങ്ങൾക്ക് ഓരോന്നിനും പരമാവധി 5000 രൂപ വരെ സർക്കാർ നൽകും. വനിതാ തൊഴിൽ നിയമനങ്ങൾക്കും ഇത്തരത്തിൽ 5000 രൂപ വീതം സർക്കാർ അധികമായി നൽകും. ഇത്തരത്തിൽ ട്രാൻസ്ജിൻഡർമാരുടെ നിയമനങ്ങൾക്ക് ഒരു വർഷത്തേക്ക് സർക്കാർ 7500 രൂപ വീതം നൽകും.

പാർക്കുകളിൽ നിർമാണങ്ങൾക്കു സ്റാമ്പ്ഡ്യൂട്ടി ഒഴിവാക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 3 കോടി വരെ സബ്സിഡി നൽകും. ബൗദ്ധിക സ്വത്ത് സമ്പാദനത്തിനു ചിലവാകുന്നതിന്റെ പരമാവധി 30 ലക്ഷം വരെ തിരികെ നൽകും. വ്യാപാരമേളകളിൽ പങ്കെടുക്കുന്ന സംരംഭകർക്ക് ചിലവിന്റെ പരമാവധി 5 ലക്ഷം രൂപ വരെ സർക്കാർ വഹിക്കും.

സംസ്ഥാനത്തു നിക്ഷേപിക്കുന്ന വൻകിട സംരംഭങ്ങൾക്ക് പ്രവർത്തനത്തിനായി വേണ്ടി വരുന്ന മൂലധന നിക്ഷേപത്തിന്റെ 9% SGST ചിലവ് പൂർണമായും സർക്കാർ തിരികെ നൽകും. MSME കൾക്ക് മൈക്രോ, മാക്രോ, മീഡിയം തരത്തിനനുസരിച്ചു 4 % പലിശക്ക് വായ്പയും അതിനു സബ്സിഡിയും നൽകും.

സംരംഭങ്ങൾക്ക് IPO വഴി ധനസമാഹരണം നടത്തുന്നതിന് NSE BSE മുഖേനെ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും. ഇത്തരം നീക്കങ്ങൾക്കു പരമാവധി ഒരു കോടി വരെ സബ്സിഡി നൽകും. നിക്ഷേപങ്ങൾക്ക് മൂലധനത്തിന്റെ 10 % വരെ പരമാവധി 10 കോടി വരെ സബ്സിഡി നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.