Sections

കേരള അഗ്രോ ഫുഡ് പ്രോ 2023 മേള ആരംഭിക്കുന്നു

Sunday, Jan 15, 2023
Reported By admin
kerala

ഗവേഷണ വികസന സ്ഥാപനങ്ങളുടെ 20ഓളം സ്റ്റാളുകളും എക്സ്പോയിലുണ്ടാകും


വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ 2023 മേള ഫെബ്രുവരി നാല് മുതൽ ഏഴ് വരെ തിയ്യതികളിലായി തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദർശനവും വിപണനവുമാണ് മേളയിലുണ്ടാവുക. 160ഓളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

'ഒരു ജില്ല ഒരു ഉൽപ്പന്നം' പദ്ധതിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സ്റ്റാൾ, കേന്ദ്ര സർക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതി കേന്ദ്രീകരിച്ചു കൊണ്ടുള്ള സ്റ്റാൾ, ഭൗമസൂചികാ പദവി ലഭിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം, സ്റ്റാർട്ടപ്പുകൾ, നാനോ ഗാർഹിക സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാൾ എന്നിവ മേളയിൽ ഉണ്ടാകും. കോളേജുകളിലെ സംരംഭകത്വ വികസന ക്ലബ്ബുകൾക്കും മേളയിൽ സ്റ്റാൾ അനുവദിക്കും. കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള ഗവേഷണ വികസന സ്ഥാപനങ്ങളുടെ 20ഓളം സ്റ്റാളുകളും എക്സ്പോയിലുണ്ടാകും.

കോളേജ് വിദ്യാർഥികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണം എന്ന വിഷയത്തിൽ പാചകമത്സരവും നടത്തും. കാർഷിക ഭക്ഷ്യാധിഷ്ഠിത മേഖല, ക്ഷീരം, മത്സ്യം, മാംസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് 14ഓളം സെമിനാറുകളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

ചക്ക, മാങ്ങ, പപ്പായ, നെല്ല്, വാഴപ്പഴം, നാളികേരം, പൈനാപ്പിൾ, സുഗന്ധവ്യഞ്ജനങ്ങൾ, കപ്പ, കശുവണ്ടി, തുടങ്ങി കേരളത്തിലെ പ്രധാന കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഇതുമായി ബന്ധപ്പെട്ട അതിനൂതന യന്ത്രങ്ങൾ, എന്നിവ പ്രദർശനത്തിന് എത്തും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും ഉയർത്തുക, ദേശീയ, അന്തർദേശീയ വിപണികളിലേക്ക് ഈ ഉൽപ്പന്നങ്ങൾക്ക് അവസരം ലഭ്യമാക്കുക, അന്താരാഷ്ട്ര തലത്തിൽ ഉൾപ്പടെയുള്ള ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാൻ എംഎസ്എംഇകൾക്ക് അവസരം ഒരുക്കുക എന്നിവയെല്ലാമാണ് മേളയുടെ പ്രധാന ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.