Sections

ഒരു വർഷം ഒരു ലക്ഷം സംരംഭം

Saturday, Dec 24, 2022
Reported By MANU KILIMANOOR

ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു


ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ എറണാകുളം ജില്ലയിൽ 10971 സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 938.67 കോടി രൂപയുടെ നിക്ഷേപവും 26852 തൊഴിലവസരങ്ങളും ഉണ്ടായതായി വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് അറിയിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളിലെത്തുന്ന അപേക്ഷകളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. സംരംഭം തുടങ്ങുന്നതിനു സഹായം നൽകുന്നതിനൊപ്പം തന്നെ സംരംഭം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനും സംരംഭകർക്കു പിന്തുണ നൽകണം.

ഭക്ഷ്യ സംസ്കരണം മേഖലകളിൽ സംഭരണ സംവിധാനങ്ങൾ ഒരുക്കാൻ ശ്രമിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചു.പദ്ധതിയുടെ ഭാഗമായി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചാറ്റ് വിത്ത് മിനിസ്റ്റർ പരിപാടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം റിസോഴ്സ് പേഴ്സൺമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികൾക്ക് പരമാവധി ഏഴു ദിവസത്തിനുള്ളിൽ പരിഹാരം കാണും.

ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകൾ ഒരുക്കുന്നതിന് താലൂക്ക്തലങ്ങളിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിപണന മേളകൾ സംഘടിപ്പിച്ച് വരുന്നു. ഒരു വർഷം ഒരു ലക്ഷം പദ്ധതിയിൽ തൃക്കാക്കര, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ, എടവനക്കാട്, തിരുവാണിയൂർ, കുഴുപ്പിള്ളി, ഇലഞ്ഞി, നെല്ലിക്കുഴി, എടവനക്കാട് എന്നീ തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി ലൈസൻസ്, സബ്സിഡി, ലോൺ മേളകളും നടന്നു.ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകനയോഗങ്ങളും ചേർന്നു. ജില്ലാ വ്യവസായ വകുപ്പ് സംരംഭകർക്കായി പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സാങ്കേതികസഹായങ്ങളും ഉറപ്പാക്കുന്നുണ്ട്. ജില്ലയിൽ ശിൽപശാലകൾ ഏകോപിപ്പിക്കാനും സബ്സിഡി, വായ്പ സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവൽക്കരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 113 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.യോഗത്തിൽ ജില്ല വ്യവസായ കേന്ദ്രം മാനേജർ ആർ.സംഗീത,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.