Sections

ഡിജിറ്റൽ ശ്രവണ സഹായി പുറത്തിറക്കി കെൽട്രോൺ; സാധാരണക്കാർക്കടക്കം താങ്ങാവുന്ന വില

Sunday, May 07, 2023
Reported By admin
kerala

വെറും ശ്രവണ സഹായി അല്ല, ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആണിത്


കെൽട്രോണിന്റെ 50 വർഷത്തെ പ്രവർത്തനവഴിയിലെ പൊൻതിളക്കമാണ് 'ശ്രവൺ'. കേരളത്തിലെ ആദ്യകാല ഇലക്ട്രോണിക്‌സ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രവണസഹായിയാണ് ''ശ്രവൺ''.

വെറും ശ്രവണ സഹായി അല്ല, ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആണിത്. ഇതൊരു 64-ബാൻഡ്, 10-ചാനൽ ഹിയറിംഗ് എയ്ഡാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലൂടെ കേൾവി കുറഞ്ഞ കാതുകൾക്ക് താങ്ങാകുന്ന, സാധാരണക്കാർക്കടക്കം ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന മെഡിക്കൽ ഇലക്ട്രോണിക്‌സ് ഉൽപ്പന്നമാണ് ശ്രവൺ എന്ന പ്രത്യേകതയുമുണ്ട്.  കേൾവിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളഭിമുഖീകരിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് ഒരു ഡിജിറ്റൽ  കൈത്താങ്ങാണിന്ന് കെൽട്രോണിന്റെ  ഈ Make in Kerala 'ശ്രവൺ'.

മെഡിക്കൽ ഇലക്ട്രോണിക്‌സ് നിർമാണ മേഖലയിലേക്കു കാൽവച്ച കെൽട്രോണിന്റെ  ആദ്യ  ഉല്പന്നമാണ് ശ്രവൺ. സി-ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെയാണ് കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്‌സ് മേഖലയിൽ തുടക്കം കുറിച്ചത്. ശ്രവണ സഹായികളുടെ നിർമ്മാണത്തിന് ആവശ്യമായ SMT (Surface Mount Technology), ഓഡിയോ അനലൈസർ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇപ്പോൾ മൂടാടി യൂണിറ്റിലുണ്ട്.

ഇതൊരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ്

''ശ്രവൺ'' ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആയതുകൊണ്ടുതന്നെ, കേൾവിസഹായി ആവശ്യമുള്ള ഓരോ വ്യക്തിയുടെയും കേൾവി ഒരു ഓഡിയോളജിസ്റ്റ് പ്രത്യേകം പരിശോധിച്ച് ,ഓഡിയോഗ്രാം എടുത്ത്, അതനുസരിച്ച് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രത്യേകം പ്രോഗ്രാം ചെയ്തു നല്കുകയാണ്. കൂടാതെ ഇതൊരു 64-ബാൻഡ്, 10-ചാനൽ ഹിയറിംഗ് എയ്ഡ് ആയതുകൊണ്ടുതന്നെ ഉപഭോക്താവിന് ഏറെ തെളിമയോടെ കേൾവി സാധ്യമാകുകയും ചെയ്യുന്നു. മറ്റു പ്രൈവറ്റ് കമ്പനികളുടെ ശ്രവണ സഹായികളുമായി താരതമ്യം ചെയുമ്പോൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് ശ്രവൺ ലഭ്യമാകുന്നത്. ഒപ്പം കസ്റ്റമർ സപ്പോർട്ടിലൂടെ വിൽപ്പനാനന്തര സേവനങ്ങളും കെൽട്രോൺ ഉറപ്പുവരുത്തുന്നു.

2022-23 സാമ്പത്തിക വർഷം മാത്രം കെൽട്രോൺ 8000ത്തിൽ പരം ശ്രവണസഹായികൾ കെൽട്രോൺ വിൽപന നടത്തിയിട്ടുണ്ട്. ശ്രവൺ ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡിന്റെ വലിപ്പം കുറഞ്ഞ പതിപ്പായ മിനി ഹിയറിങ് എയ്ഡുകളും ഇപ്പോൾ കെൽട്രോണിൽ നിർമ്മിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.