- Trending Now:
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡെന്ന നേട്ടത്തിനരികിലാണ് കണ്ണൂർ ജില്ല. റേഷൻ കാർഡിൽ പേരില്ലാത്ത ഒരാൾ പോലും ജില്ലയിൽ ഇനിയുണ്ടാകില്ല. അതിദാരിദ്ര്യ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 272 പേർക്ക് കാർഡ് ലഭ്യമാക്കി. ബാക്കിയുള്ള 12 പേർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു.
ഇതുകൂടി പൂർത്തിയാകുന്നതോടെ സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതോ ഒരു റേഷൻ കാർഡിൽ പേരില്ലാത്തതോ ആയ ഒരാൾ പോലും ഇല്ലാത്ത ജില്ലയായി കണ്ണൂർ മാറും. ഇതിന് പുറമെ ഓപ്പറേഷൻ യെല്ലോയിലൂടെ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്തി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും, അർഹരായവർക്ക് മുൻഗണനാ കാർഡ് അനുവദിക്കുകയും ചെയ്യുന്നു. ജില്ലയിലാകെ 1,666 മുൻഗണനാ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ നിന്നും 30.52 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നത്. മാരകരോഗങ്ങൾ പിടിപ്പെട്ടവരുടെ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷകൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കും.
മുൻഗണനാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും ഗുരുതര രോഗങ്ങൾ (കാൻസർ, ഡയാലിസിസ്, ഓട്ടിസം, കിടപ്പുരോഗികൾ) ഉളളവർ ഉൾപ്പെട്ട അംഗങ്ങളുള്ള 36 റേഷൻ കാർഡുകൾ മാനദണ്ഡങ്ങളിൽ ഇളവു നൽകി മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മുൻഗണനാ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട മാരകരോഗമുള്ളവരുള്ള കുടുംബങ്ങൾക്ക് 469 മുൻഗണനാ റേഷൻ കാർഡുകൾ നൽകി. കൂടാതെ എഎവൈ വിഭാഗത്തിലേക്ക് 655 റേഷൻ കാർഡുകളും, പിഎച്ച്എച്ച് വിഭാഗത്തിലേക്ക് 6399 റേഷൻ കാർഡുകളും മാറ്റി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.