Sections

കാബ്‌കോയുടെ പ്രവർത്തനം പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും: മന്ത്രി കെ രാജൻ

Friday, Aug 18, 2023
Reported By Admin
KABCO

  • ഓരോ പ്രദേശത്തിൻറെയും പ്രത്യേകതയുള്ള ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യണം

ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിടം എന്ന ചിന്തയിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറാൻ കേരളത്തിലെ കാർഷിക സമൂഹത്തിന് സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കാർഷിക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി .വിളയിട അധിഷ്ഠിത കൃഷിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു കൃഷിയിടത്തിൽ തന്നെ വിവിധങ്ങളായ കൃഷികൾ ഒരുക്കി വർഷം മുഴുവനും കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കുന്ന ഈ മുന്നേറ്റത്തിന് സാധ്യതകളേറെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാർഷികരംഗത്തിന് പുതു ഉണർവേകിയാണ് സർക്കാർ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കൃഷി കമ്പനിയായ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ് കോ) യുടെ വരവ്. നേരിട്ട് കർഷകർക്ക് പങ്കാളിത്തമുള്ള കാബ്കോയിലൂടെ വിളകൾ എത്തിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച രീതിയിൽ വിറ്റഴിക്കാനും സാധിക്കുന്നു. കൂട്ടായ ശ്രമങ്ങളിലൂടെ കാർഷികരംഗത്തെ വെല്ലുവിളികളെയും പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാൻ കഴിയണമെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു. അർഹമായ വിള ഇൻഷുറൻസ് - താങ്ങുവില എന്നിവ ലഭ്യമാക്കുക, മൂല്യവർദിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക എന്നിവയ്ക്കാനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. ഓരോ പ്രദേശത്തു നിന്നും ഭൗമസൂചിക പദവിയിൽ ഉൾപ്പെടുന്ന തരത്തിലുള്ള ഉൽപ്പന്നത്തെ മികച്ച രീതിയിൽ ബ്രാൻഡ് ചെയ്യാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ പുത്തൂർ, നടത്തറ, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകളിൽ നടന്ന കർഷകദിനം പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ മികച്ച കർഷകരെ ആദരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ മിനി ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിരാ മോഹൻ, പാണച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.