- Trending Now:
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ഇന്ന് (ജൂൺ അഞ്ച്) യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമർപ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.
1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റർ നീളമുള്ള വലിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. ഇന്റർനെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോൺ. ഇതുവഴി ഹൈസ്പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.
30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് സംസ്ഥാനമെത്തും. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെ-ഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും.
ഇന്ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.