Sections

കേരളത്തിലെ വിദ്യാർത്ഥികൾക്കും പഠനത്തോടൊപ്പം ജോലി; കർമ്മചാരി പദ്ധതി വരുന്നു

Sunday, Apr 23, 2023
Reported By admin
job

പഠനത്തെ ബാധിക്കാത്ത രീതിയിൽ പരമാവധി എത്ര സമയം ജോലി ചെയ്യണം


വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച കർമ്മചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി നഗരത്തിൽ. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി, കോളജ്, ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ തുടങ്ങിയവരുമായി യോഗം ചേർന്നു.

പഠനത്തെ ബാധിക്കാത്ത രീതിയിൽ പരമാവധി എത്ര സമയം ജോലി ചെയ്യണം, രാത്രിയിൽ വിദ്യാർത്ഥികളെ ജോലി ചെയ്യിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെ നിലപാട്, രക്ഷകർത്താക്കളുടെ അനുമതി, ഓരോ വിദ്യാഭ്യാസ സ്ഥാപനവും എത്ര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തും,  ഹോളിഡേ ഡ്യൂട്ടി അനുവദിക്കൽ, പദ്ധതി മേൽനോട്ടത്തിനായി സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, വിദ്യാർത്ഥികളുടെ വേതനം, ഓരോ സ്ഥാപനത്തിനും എത്ര പേർക്ക് ജോലി നൽകാൻ കഴിയും, ജോലിയുടെ സ്വഭാവം, പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് ഇ.എസ്.ഐ അനുവദിക്കൽ, ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്.

കർമ്മചാരി പദ്ധതി സംസ്ഥാനത്ത് ആദ്യം ആരംഭിക്കാൻ കഴിയുന്നത് സ്വകാര്യ മേഖലയുമായി സഹകരിച്ചാകുമെന്നും കൊച്ചിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാർ ഹോട്ടൽ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലേയേഴ്സ്, ടെക്സ്റ്റയിൽസ്, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പാർട്ട്ടൈം ജോലി നൽകുന്നതിന് ലക്ഷ്യമിടുന്നത്. ഐ.ടി അധിഷ്ടിത ജോലികളും പരിഗണിക്കും.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ, ലേബർ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡി. ലാൽ, അഡീഷണൽ ലേബർ കമ്മീഷണർമാരായ കെ.ശ്രീലാൽ, രഞ്ജിത് മനോഹർ, കെ.എം സുനിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.