Sections

നാവികസേനയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് 1500 ഒഴിവുകള്‍

Wednesday, Dec 07, 2022
Reported By MANU KILIMANOOR

രണ്ടുവിഭാഗത്തിലുമായി 300 ഒഴിവുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.1500 ഒഴിവുകളിലേക്കാണ് നിയമനം. ഇതില്‍ 100 ഒഴിവുകള്‍ മെട്രിക് റിക്രൂട്ട്‌സ് (എം.ആര്‍.) വിഭാഗത്തിലും 1400 ഒഴിവ് സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സിലും (എസ്.എസ്.ആര്‍.) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 300 ഒഴിവുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാലു വര്‍ഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനംപേര്‍ക്ക് പിന്നീട് സ്ഥിരനിയമനം നല്‍കും.

യോഗ്യത

മെട്രിക് റിക്രൂട്ട്‌സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്.എസ്.ആര്‍. വിഭാഗത്തില്‍ അപേക്ഷിക്കാന്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നും വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് കുറഞ്ഞത് 157 സെന്റിമീറ്ററും വനിതകള്‍ക്ക് 152 സെന്റിമീറ്ററും ഉയരംവേണം. മികച്ച ശാരീരികക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടാകണം.

 തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒഡിഷയിലെ ഐ.എന്‍.എസ്. ചില്‍ക്കയിലാകും പരിശീലനം. എം.ആര്‍. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 50 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് 30 മിനിറ്റ് ആയിരിക്കും സമയം. എസ്.എസ്.ആര്‍. വിഭാഗത്തിലേക്ക് 100 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ സമയമുണ്ട്. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും. യോഗ്യതയ്ക്ക് അനുസൃതമായ സിലബസാണ് ഉണ്ടാവുക.

ശമ്പളം

ആദ്യവര്‍ഷം 30,000 രൂപയും അടുത്ത മൂന്നുവര്‍ഷങ്ങളില്‍ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസവേതനം. ഇതില്‍നിന്ന് നിശ്ചിതതുക അഗ്‌നിവീര്‍ കോര്‍സ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവര്‍ഷസേവനത്തിനുശേഷം സേനയില്‍നിന്ന് പിരിയുന്നവര്‍ക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നല്‍കും.അപേക്ഷ www.joinindiannavy.gov.in വഴി ഡിസംബര്‍ എട്ടുമുതല്‍ 17 വരെ  നല്‍കാം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.