Sections

കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിൽ പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി സൗജന്യ റസിഡൻഷ്യൽ സമ്മർ സ്‌കൂൾ പ്രോഗ്രാം; പ്രവേശനം 60 പേർക്ക് 

Friday, Apr 11, 2025
Reported By Admin
Jain University Kochi Announces Free Residential Summer School for Class 10 & 12 Students

കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേർക്ക് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ സൗജന്യ റസിഡൻഷ്യൽ സമ്മർ സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാർത്ഥികളെ സർവകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാർത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മർ സ്കൂൾ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാർത്ഥികൾക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആൻഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്കിൽസ്,വ്യക്തിത്വ വികസനം, ക്രൈം ഇൻവെസ്റ്റിഗേഷൻ,ഡിസൈൻ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ സമ്മർ സ്കൂളിൽ പ്രവേശനം നേടാൻ ഞാൻ എന്തുകൊണ്ട് അർഹനാണ്- പാഷൻ, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏപ്രിൽ 16ന് മുമ്പ് സമർപ്പിക്കണം. 20 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ റസിഡൻഷ്യൽ പ്രോഗ്രാമിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചർച്ചകൾ, ഇൻട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.

'വ്യാവസായികാധിഷ്ടിത വിദ്യാഭ്യസം, സംരംഭകത്വം വളർത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കുക എന്നിവയിലൂന്നിയുള്ള പ്രവർത്തനമാണ് ജെയിൻ യൂണിവേഴ്സിറ്റി ഫ്യൂച്ചർ കേരള മിഷനിലൂടെ നടത്തുന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനൊപ്പം ജീവിതത്തിലെ നിർണായകഘട്ടങ്ങൾ നേരിടാനുള്ള ലൈഫ് സ്കിൽസും ആത്മവിശ്വാസവും വിദ്യാർത്ഥികളിൽ വളർത്തുകയും നാളെയുടെ നല്ല നേതാക്കളെ വാർത്തെടുക്കുകയുമാണ് സമ്മർ സ്കൂളിന്റെ ലക്ഷ്യം'- ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജമണി പറഞ്ഞു.

പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ഭാവി സംബന്ധിച്ച് മികച്ച തീരുമാനം കൈക്കൊള്ളുവാനും പാഷനും സാധ്യതകളും കണ്ടെത്തി ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുത്ത് മികച്ച കരിയറിലേക്ക് പ്രവേശിക്കുവാനും സാധിക്കുമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഭാവിസമൂഹത്തെ വാർത്തെടുക്കുന്നതിനായി യൂണിവേഴ്സിറ്റിതലത്തിൽ സംഘടിപ്പിക്കുന്ന റസിഡൻഷ്യൽ സമ്മർ ക്യാംപ് കേരളത്തിലെ പുതുതലമുറയ്ക്ക് വേറിട്ട അനുഭവമാകുമെന്നും ടോം അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് -7034043600.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.